ഐപിഎല്‍ 2025 സീസണില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വൈഭവ് സൂര്യവന്‍ശി, ആയുഷ് മാത്രെ, പ്രിയാന്‍ഷ് ആര്യ തുടങ്ങിയ യുവതാരങ്ങളെ പരിചയപ്പെടാം.
ഐപിഎല്‍ എല്ലാ സീസണുകളിലും പുത്തന്‍ താരങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ചിട്ടുണ്ട്. രവിചന്ദ്രന്‍ അശ്വിന്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് ഇങ്ങനെ പോകുന്നു ആ നിര. പതിനെട്ടാം സീസണിലും ശ്രദ്ധിക്കപ്പെടുന്ന താരങ്ങളുണ്ടായി. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളാവാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളെ അറിയാം.
1. വൈഭവ് സൂര്യവന്‍ശി

രാജസ്ഥാന്‍ റോയല്‍സ് ഈ 14 വയസ്സുകാരനെ താരലേലത്തില്‍ സ്വന്തമാക്കിയപ്പോള്‍ തന്നെ ചര്‍ച്ചയായിരുന്നു. സഞ്ജു സാംസണ്‍ - യശസ്വി ജയ്സ്വാള്‍ എന്നീ സഖ്യം ഓപ്പണര്‍മാരായി ഉണ്ടായിരുന്നതിനാല്‍ തുടക്കത്തില്‍ വൈഭവിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ സഞ്ജുവിന് പരിക്കേറ്റത് കൗമാര താരത്തിന് ഗുണം ചെയ്തു. ആറ് മത്സരങ്ങളില്‍ നിന്ന് 32.50 ശരാശരിയില്‍ 195 റണ്‍സാണ് വൈഭവ് നേടിയത്. 219.10 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഈ പ്രകടനം വരും കാലത്തും തുടര്‍ന്നാല്‍ ഭാവിയില്‍ ഇന്ത്യക്ക് ലക്ഷണമൊത്ത ഓപ്പണറെ കിട്ടുമെന്ന് ഉറപ്പ്.
2. ആയുഷ് മാത്രെ

ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആശ്വസിക്കാന്‍ വകയുള്ളത് മാത്രെയുടെ പ്രകടനമാണ്. പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിന് പകരക്കാരനായി ആയുഷ് മാത്രെ ടീമിലെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 32.60 ശരാശരിയിലും 181.11 സ്ട്രൈക്ക് റേറ്റിലും 163 റണ്‍സ് ആയുഷ് മാത്രെ നേടിയിട്ടുണ്ട്. ആദ്യ പന്തില്‍ തന്നെ ബൗളര്‍മാരെ കടന്നാക്രമിക്കാനുള്ള കഴിവാണ് താരത്തെ വ്യത്യസ്തമാക്കുന്നത്. പിന്നെ ഭയമില്ലാതെ കളിക്കുകയും ചെയ്യും. വെറും 17 വയസ്സ് മാത്രമാണ് ആയുഷിന്റെ പ്രായം. ഒരുപാട് സമയവും മുന്നിലുണ്ട്. വൈഭവിനെ പോലെ സമീപഭാവിയില്‍ അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടാകുമെന്നതില്‍ സംശയമില്ല.
3. പ്രിയാന്‍ഷ് ആര്യ

ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ തന്റെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ പ്രിയാന്‍ഷ് ജനശ്രദ്ധ നേടിയിരുന്നു. ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ 3.8 കോടിക്ക് പഞ്ചാബ് കിംഗ്‌സ് അദ്ദേഹത്തെ വാങ്ങി. പ്രിയാന്‍ഷ് പഞ്ചാബ് മാനേജ്മെന്റിനെ നിരാശപ്പെടുത്തിയിട്ടില്ല, ടൂര്‍ണമെന്റില്‍ ആര്യ വളരെ സ്വാധീനം ചെലുത്തി. ടൂര്‍ണമെന്റില്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് 29.67 ശരാശരിയിലും 190.37 സ്ട്രൈക്ക് റേറ്റിലും അദ്ദേഹം 356 റണ്‍സ് നേടി. ആര്യയുടെ ആക്രമണോത്സുകത നിരവധി ക്രിക്കറ്റ് വിദഗ്ധരെ ആകര്‍ഷിച്ചു.



