മാഞ്ചസ്റ്റർ സിറ്റി വിട്ട കെവിൻ ഡി ബ്രൂയിൻ ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയുമായി ചേരുമെന്ന് റിപ്പോർട്ടുകൾ. മൂന്ന് വർഷത്തെ കരാറാണ് നാപ്പോളി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് പടിയിറങ്ങിയ കെവിന്‍ ഡി ബ്രൂയിന്‍ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയുമായി ഉടന്‍ കരാറിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് വര്‍ഷത്തെ കരാറാണ് ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ക്ക് വേണ്ടി നാപ്പോളി വാഗ്ദാനം ചെയ്തിരിക്കുന്നത്. നാപ്പോളിയുടെ പ്രസിഡന്റ് ഔറേലിയോ ആണ് ഡി ബ്രൂയിനുമായി ചര്‍ച്ചകള്‍ തുടങ്ങിയെന്ന വിവരം ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചത്. താരത്തിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയെന്നും ക്ലബുമായി ഉടന്‍ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഔറേലിയോ പറഞ്ഞു. 

മാഞ്ചസ്റ്റര്‍ സിറ്റിയിലെ പത്ത് വര്‍ഷത്തെ കരിയറിന് ശേഷമാണ് ഡി ബ്രൂയിന്‍ ക്ലബ് വിട്ടത്. നിലവില്‍ ഫ്രീ ഏജന്റായ താരം 2015ല്‍ വുള്‍ഫ്സ്ബര്‍ഗില്‍ നിന്നാണ് സിറ്റിയിലെത്തുന്നത്. പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി ഡി ബ്രുയിന്‍ മാറി. പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ്, ചാംപ്യന്‍സ് ലീഗ് തുടങ്ങിയ നിരവധി കിരീടങ്ങള്‍ സിറ്റിക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 421 മത്സരങ്ങളില്‍ നിന്ന് 108 ഗോളുകള്‍ നേടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ മൂന്നാം സ്ഥാനത്തായിരുന്നു സിറ്റി. 38 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റ്. ലിവര്‍പൂളാണ് ചാംപ്യന്മാരായത്. അവസാന മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും 38 കളിയില്‍ 25 ജയമടക്കം 84 പോയിന്റുമായാണ് ലിവര്‍പൂള്‍ ജേതാക്കളായത്. സീസണില്‍ നാല് കളിയില്‍ മാത്രമാണ് ലിവര്‍പൂള്‍ തോറ്റത്.

പ്രീമിയര്‍ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സലാ 29 ഗോളും 18 അസിസ്റ്റുമായി ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കി. ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ + കോണ്‍ട്രിബ്യൂഷന്‍ നടത്തിയ താരമെന്ന അലന്‍ ഷിയറര്‍, ആന്‍ഡി കോള്‍ എന്നിവരുടെ റെക്കോര്‍ഡിന് (47) ഒപ്പമെത്താന്‍ മുഹമ്മദ് സലായ്ക്ക് കഴിഞ്ഞു. കരിയറില്‍ നാലാമത്തെ ഗോള്‍ഡന്‍ ബൂട്ടാണ് സലാ നേടിയത്.