കഴിഞ്ഞ രണ്ട് ട്വന്‍റി 20 ലോകകപ്പുകളിലെ ദയനീയ പരാജയങ്ങളും ഏകദിന പരമ്പരകള്‍ കൈവിട്ടതും ചൂണ്ടിക്കാട്ടിയാണ് മുന്‍ താരത്തിന്‍റെ വിമര്‍ശനം 

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ തോറ്റമ്പിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കടന്നാക്രമിച്ച് മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. ടെസ്റ്റ് ക്രിക്കറ്റ് മാറ്റിനിര്‍ത്തിയാല്‍ മറ്റ് രണ്ട് ഫോര്‍മാറ്റിലും സാധാരണ ടീം മാത്രമാണ് ഇന്ത്യ എന്ന് വെങ്കടേഷ് പരിഹസിച്ചു. കഴിഞ്ഞ രണ്ട് ട്വന്‍റി 20 ലോകകപ്പുകളിലെ ദയനീയ പരാജയങ്ങളും ഏകദിന പരമ്പരകള്‍ കൈവിട്ടതും ചൂണ്ടിക്കാട്ടിയാണ് മുന്‍ താരത്തിന്‍റെ വിമര്‍ശനം.

'ടെസ്റ്റ് ക്രിക്കറ്റ് മാറ്റിനിര്‍ത്തിയാല്‍ മറ്റ് രണ്ട് ഫോര്‍മാറ്റിലും കുറച്ച് കാലമായി സാധാരണ ടീം മാത്രമാണ് ഇന്ത്യ. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്‌ക്കും ഓസീസിനും എതിരായ അവസാന പരമ്പരകള്‍ ഇതിന് തെളിവാണ്. അവസാന രണ്ട് ട്വന്‍റി 20 ലോകകപ്പിലും മോശം പ്രകടനം കാഴ്ചവെച്ചു. ഇംഗ്ലണ്ടിനെ പോലെ ആകാംക്ഷ ജനിപ്പിക്കുന്നതോ ഓസീസിനെ പോലെ അപകടകാരികളോ ആയ ടീമല്ല നമ്മള്‍. പണവും അധികാരവും ഉണ്ടായിരുന്നിട്ടും നമ്മള്‍ ചാമ്പ്യന്‍ ടീമില്‍ നിന്ന് ഏറെ അകലെയാണ്. എല്ലാ ടീമുകളും കളിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്‍റെ സമീപനവും മനോഭാവവും കുറച്ച് കാലമായി ഈ മോശം പ്രകടനത്തിന് കാരണമാണ്' എന്നും വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു. 

Scroll to load tweet…

വിന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കും റണ്‍മെഷീന്‍ വിരാട് കോലിക്കും വിശ്രമം അനുവദിച്ച മത്സരത്തില്‍ ഇന്ത്യക്ക് 40.5 ഓവറില്‍ 181 റണ്‍സേ നേടാനായുള്ളൂ. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 2019ന് ശേഷം ആദ്യമായി വിന്‍ഡീസിനോട് തോറ്റതില്‍ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം ശക്തമാണ്. കോലിക്കും രോഹിത്തിനും വിശ്രമം നല്‍കിയാലും ലോകകപ്പിന് യോഗ്യത നേടാത്ത ദുര്‍ബലരായ വിന്‍ഡീസിനെതിരെ ഇന്ത്യ അനായാസം ജയിക്കേണ്ടിയിരുന്നു എന്ന് വിമര്‍ശകര്‍ വാദിക്കുന്നു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോശം പ്രകടനമാണ് ഇന്ത്യ ക്രിക്കറ്റ് ടീം നടത്തുന്നത്. 2019 ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാനായില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ട് ഫൈനലുകളില്‍ ദയനീയമായി തോറ്റപ്പോള്‍ അവസാന രണ്ട് ട്വന്‍റി 20 ലോകകപ്പിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. ഏഷ്യാ കപ്പില്‍ പോലും ഇന്ത്യന്‍ ടീമിന് മേല്‍ക്കൈ നഷ്‍ടപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. 

Read more: സഞ്ജു സാംസണ്‍ പാഴാക്കിയത് സുവര്‍ണാവസരം; രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍ കേള്‍ക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം