മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ യുവരാജ് സിംഗ് 44 പന്തിൽ നിന്ന് 5 ഫോറും 6 കൂറ്റൻ സിക്സറുകളും അടക്കം 71 റൺസ് അടിച്ചുകൂട്ടി.
ഷാർജ: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ഓസ്‌ട്രേലിയ ചാമ്പ്യൻസിനെതിരെ ഇന്ത്യ ചാമ്പ്യൻസിന് 46 റൺസിന്‍റെ തകർപ്പൻ വിജയം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ യുവരാജ് സിംഗിന്‍റെ തകപ്പൻ അർധ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാമ്പ്യൻസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യൻസിനെ 16.2 ഓവറിൽ 150 റൺസിന് ഇന്ത്യ ബോൾ ഔട്ടാക്കി.
മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ യുവരാജ് സിംഗ് 44 പന്തിൽ നിന്ന് 5 ഫോറും 6 കൂറ്റൻ സിക്സറുകളും അടക്കം 71 റൺസ് അടിച്ചുകൂട്ടി. നമാൻ ഓജ (31), യൂസഫ് പത്താൻ (20 പന്തിൽ 37), റിക്കി ധവാൻ (12 പന്തിൽ 35) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ ഉസ്മാൻ ഖവാജ റണ്ണൊന്നുമെടുക്കാതെയും ബെൻ ഡങ്ക് ആറ് റൺസെടുത്തും പുറത്തായി. എന്നാൽ ഡാർസി ഷോർട്ടും (28 പന്തിൽ 65) ജോ ബേൺസും (32 പന്തിൽ 45) ചേർന്ന് ഓസ്‌ട്രേലിയൻ സ്കോർ 100 കടത്തി.
എന്നാൽ ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ ഓസ്‌ട്രേലിയൻ ഇന്നിങ്സ് തകരുകയായിരുന്നു. ഇന്ത്യയ്ക്കായി ധവാൽ കുൽക്കർണി 4 വിക്കറ്റും മോഹിത് ശർമ്മ 3 വിക്കറ്റും വീഴ്ത്തി. പിയൂഷ് ചൗള രണ്ടും ഹർഭജൻ സിംഗ് ഒരു വിക്കറ്റും നേടി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ചാമ്പ്യൻസ് ഇംഗ്ലണ്ട് ചാമ്പ്യൻസിനെ നേരിടും.
