Virat Kohli’s 100th Test : എഴുപത് രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ള വിരാട് കോലിക്ക് 2019 നവംബറിന് ശേഷം മൂന്നക്കം കാണാനായിട്ടില്ല

മൊഹാലി: 100 ടെസ്റ്റുകള്‍ (Virat Kohli’s 100th Test) കളിക്കുന്ന 12-ാം ഇന്ത്യന്‍ താരമാകാന്‍ കാത്തിരിക്കുകയാണ് മുന്‍ നായകന്‍ വിരാട് കോലി (Virat Kohli). നാളെ ശ്രീലങ്കയ്‌ക്കെതിരെ (IND vs SL 1st Test) മൊഹാലിയിലാണ് കിംഗ് കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റ് തുടങ്ങുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കാന്‍ റണ്‍മെഷീന്‍ എന്ന വിശേഷണമുള്ള കോലിക്ക് അവസരമാണിത് എന്ന് വ്യക്തമാക്കുന്നു മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വസീം ജാഫര്‍ (Wasim Jaffer). ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ കോലിക്കുള്ള സുവര്‍ണാവസരമാണ് മൊഹാലിയില്‍ ഒരുങ്ങുന്നതെന്നും ജാഫറിന്‍റെ വാക്കുകളിലുണ്ട്. 

എഴുപത് രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ള വിരാട് കോലിക്ക് 2019 നവംബറിന് ശേഷം മൂന്നക്കം കാണാനായിട്ടില്ല. മൊഹാലിയില്‍ സെഞ്ചുറി കണ്ടെത്തിയാല്‍ 100-ാം ടെസ്റ്റില്‍ ശതകം കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താം കോലിക്ക്. 

'ഇത് കോലിയുടെ നൂറാം ടെസ്റ്റാണ്, അദേഹം സെഞ്ചുറി നേടുന്നില്ല എന്ന് രണ്ട് വര്‍ഷത്തിലേറെയായി നാം പരാതിപ്പെടുന്നു. അത് അവസാനിപ്പിക്കാന്‍ ഇതിനേക്കാള്‍ വലിയ സുവര്‍ണാവസരമില്ല. ക്യാപ്റ്റന്‍സി ഒഴിഞ്ഞത് കോലിക്ക് തുണയാകും എന്നാണ് പ്രതീക്ഷ. ലങ്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമം ലഭിച്ചിരുന്നു. തുടരെ സെഞ്ചുറികള്‍ നേടുന്ന പഴയ വിരാട് കോലിക്കായി നാം കാത്തിരിക്കുന്നു. ഇതിന് തുടക്കമിടാന്‍ 100-ാം ടെസ്റ്റിനേക്കാള്‍ വലിയ അവസരം കിട്ടാനില്ല. മനോഭാവമാണ് കോലിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. പിച്ച് എങ്ങനെയെന്നും ബൗളര്‍ ആരൊന്നും നോക്കാതെ പൊരുതുന്ന സ്വഭാവക്കാരനാണ്. ആ പോരാട്ടവീര്യമാണ് ബാറ്ററും ക്യാപ്റ്റനും എന്ന നിലയില്‍ കോലിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റിനിര്‍ത്തിയത്' എന്നും വസീം ജാഫര്‍ പറഞ്ഞു. 

2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് കിംഗ് കോലി നേടിയിട്ടുണ്ട്. 100 ടെസ്റ്റുകള്‍ കളിക്കുന്ന രാജ്യാന്തര ക്രിക്കറ്റിലെ 71-ാം താരവുമാകാനാണ് കോലി ഒരുങ്ങുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് ക്ലബിലെത്താന്‍ 38 റണ്‍സ് കൂടി മതി കോലിക്ക്. മൊഹാലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സ് കണ്ടെത്തിയാല്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും കോലിക്ക് സ്വന്തമാകും. ഇതും മൊഹാലി ടെസ്റ്റില്‍ വിരാട് കോലിയെ ആകര്‍ഷണകേന്ദ്രമാക്കുന്നു. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ജസ്‌പ്രീത് ബുമ്ര(വൈസ് ക്യാപ്റ്റന്‍, പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്‌മാന്‍ ഗില്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി. 

Virat Kohli’s 100th Test : നൂറാം ടെസ്റ്റ്; കോലിയെ അഭിനന്ദിച്ച് രോഹിത്, നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രശംസ