എല്ലാവരുടെയും ആശംസകള്‍ തേടിയ വിരാടും അനുഷ്‌കയും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണം എന്നും ആരാധകരോട് ആവശ്യപ്പെട്ടു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിക്കും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയ്ക്കും രണ്ടാം കുഞ്ഞ് പിറന്നു. 'അകായ്' എന്നാണ് ആണ്‍കുട്ടിക്ക് ഇരുവരും പേര് നല്‍കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ കോലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും ആശംസകള്‍ തേടിയ വിരാടും അനുഷ്‌കയും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണം എന്ന് ആരാധകരോട് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. വാമിക എന്നാണ് 'വിരുഷ്‌ക'യുടെ ആദ്യ മകളുടെ പേര്. 

രണ്ടാം കുഞ്ഞിനെ കാത്തിരിക്കുന്നതിനാലാണ് വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാം കുഞ്ഞിനെ വരവേല്‍ക്കാന്‍ വിരാടും അനുഷ്‌കയും ലണ്ടനിലാണുള്ളത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ വിരാടിന്‍റെ സഹതാരവും അടുത്ത സുഹൃത്തുമായ എ ബി ഡിവില്ലിയേഴ്സാണ് ഇക്കാര്യം ആദ്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. എന്നാല്‍ തനിക്ക് തെറ്റുപറ്റിയെന്നും ഇത്തരമൊരു കാര്യമില്ലെന്നും എബിഡി പിന്നാലെ തിരുത്തി. വിരാടിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിച്ചാണ് ഡിവില്ലിയേഴ്സ് അന്ന് വാര്‍ത്ത തിരുത്തിയത് എന്നാണ് അനുമാനം. 

View post on Instagram

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് വിരാട് കോലി. തുടക്കത്തില്‍ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡില്‍ നിന്നാണ് കോലി വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടി വിട്ടുനിന്നിരുന്നത്. കോലി ഇക്കാര്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ അറിയിച്ചിരുന്നു. മൂന്നാം ടെസ്റ്റില്‍ കോലി മടങ്ങിയെത്തും എന്ന് കരുതിയിരുന്നെങ്കിലും താരം പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് കൂടിയും ഇടവേളയെടുത്തു. 'വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും വ്യക്തിപരമായ കാരണങ്ങളാല്‍ കാണില്ല. കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു' എന്നും അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചുകൊണ്ട് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 

ഇംഗ്ലണ്ട് പോലൊരു ശക്തരായ ടീമിനെതിരായ പരമ്പരയില്‍ നിന്ന് വിരാട് കോലി മാറി നില്‍ക്കുന്നത് വലിയ വിമര്‍ശനത്തിനും ഇടയാക്കിരുന്നു. ഈ സാഹചര്യത്തിലാണ് കോലി അവധി നീട്ടിയതിനെ കുറിച്ച് ബിസിസിഐ വിശദീകരിച്ചത്. 

Read more: സമ്മതം, സമ്മതം, സമ്മതം; ഫുട്ബോള്‍ ലോകത്തെ കിടുക്കി കിലിയന്‍ എംബാപ്പെ! റയല്‍ മാഡ്രിഡില്‍ ചേരാന്‍ തയ്യാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം