മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കാണ് ബിസിസിഐ, എ പ്ലസ് കരാർ നൽകാറുളളത്. രോഹിത് ഈ മാസം ഏഴിനും കോലി 12നുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

മുംബൈ: ടി20ക്ക് പിന്നാലെ ടെസ്റ്റിൽ നിന്നും വിരമിച്ചെങ്കിലും ബിസിസിഐ വിരാട് കോലിയുടേയും രോഹിത് ശർമ്മയുടേയും എ പ്ലസ് വാർഷിക കരാർ നിലനിർത്തും. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയുമാണ് എ പ്ലസ് കരാറുള്ള മറ്റ് രണ്ടുതാരങ്ങൾ. രോഹിത്തും കോലിയും ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് കഴിഞ്ഞ മാസം 21നാണ് ബിസിസിഐ കളിക്കാരുടെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചത്.

ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും രോഹിത്തും കോലിയും ഇപ്പോഴും ഇന്ത്യൻ ടീമിന്‍റെ ഭാഗമാണെന്നും അതിനാല്‍ അവരുടെ എ പ്ലസ് കരാര്‍ തുടരുമെന്നും ദേവ്ജിത് സൈക്കിയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കാണ് ബിസിസിഐ, എ പ്ലസ് കരാർ നൽകാറുളളത്. രോഹിത് ഈ മാസം ഏഴിനും കോലി 12നുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

കഴിഞ്ഞ വര്‍ഷം ഇരുവരും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ഇതോടെ ഇരുവരുടെയും സാന്നിധ്യം ഏകദിന മത്സരങ്ങളില്‍ മാത്രമായി ചുരുങ്ങും. ഇന്ത്യ അടുത്ത മാസം ഇംഗ്ലണ്ട് പര്യടനം നടത്താനിരിക്കേയായിരുന്നു ഇരുവരുടേയും വിരമിക്കൽ പ്രഖ്യാപനം. വാര്‍ഷിക കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറിയിലുള്ള താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടി രൂപയും വാർഷിക പ്രതിഫലം ലഭിക്കും.

ബിസിസിഐ കഴിഞ്ഞമാസം പ്രഖ്യാപിച്ച വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട താരങ്ങള്‍.

ഗ്രേഡ് എ പ്ലസ്

രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ.

ഗ്രേഡ് എ

മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത്

ഗ്രേഡ് ബി

ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, യശസ്വി ജയ്‌സ്വാള്‍, അക്‌സര്‍ പട്ടേല്‍

ഗ്രേഡ് സി

റിങ്കു സിംഗ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍, മുകേഷ് കുമാര്‍, ധ്രുവ് ജുറല്‍, സര്‍ഫറാസ് ഖാന്‍, രജത് പാട്ടീദാര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ്മ, ആകാശ് ദീപ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, റുതുരാജ് ഗെയ്കവാദ്, വാഷിംഗ്ടണ്‍ സുന്ദര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക