ബറോഡ: രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികളെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരേയൊരു ബാറ്റ്സ്മാനാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 24 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിലാണ് സച്ചിന്‍ ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്.

71 സെഞ്ചുറികള്‍ നേടിയിട്ടുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് ആണ് സച്ചിന് പിന്നില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ സമകാലീന ക്രിക്കറ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധ്യതതയുള്ള ഒരേയൊരു ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്. 12 വര്‍ഷത്തെ രാജ്യാന്തര കരിയറില്‍ 70 സെഞ്ചുറികളുമായി മൂന്നാം സ്ഥാനത്താണിപ്പോള്‍ കോലി.


സച്ചിന്റെ നൂറ് രാജ്യാന്തര സെഞ്ചുറികള്‍ കോലി സ്വന്തമാക്കുമെന്ന് എനിക്കുറപ്പാണ്. ഇപ്പോള്‍ അദ്ദേഹം അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടാകില്ലെന്ന് എനിക്കറിയാം. പക്ഷ, സമകാലീന ക്രിക്കറ്റില്‍ അതിന് കഴിയുന്ന ഒരേയൊരാള്‍ കോലിയാണ്. വിരമിക്കുന്നതിന് മുമ്പ് അത് നേടാനുള്ള ശാരീരികക്ഷമതയും കരുത്തും കോലിക്കുണ്ട്. രാജ്യാന്തര ക്രിക്കറ്റിലെത്തി 12 വര്‍ഷം കൊണ്ട് കോലിക്ക് ഇത്രയൊക്കെ നേടാനായെങ്കില്‍ തീര്‍ച്ചയായും സച്ചിന്റെ സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ക്കാനും അദ്ദേഹത്തിനാവും.

സച്ചിന്റെ ആ റെക്കോര്‍ഡ് ആരെങ്കിലും തകര്‍ക്കുന്നുവെങ്കില്‍ അതൊരു ഇന്ത്യക്കാരാനാകണമെന്നാണ് എന്റെ ആഗ്രഹം. കോലിക്ക് അതിന് കഴിയുമെന്നാണ് വിശ്വാസം.  കഴിവും ശാരീരികക്ഷമതയുമാണ് അതിന് വേണ്ടത്. അത് രണ്ടും കോലിക്കുണ്ട്. വിരമിക്കുന്നതിന് മുമ്പ് അത് അദ്ദേഹം സ്വന്തമാക്കുമെന്ന് എനിക്കുറപ്പാണ്. അദ്ദേഹത്തിന്റെ മനസിലും ആ ലക്ഷ്യമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ-സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടില്‍ പങ്കെടുത്ത് പത്താന്‍ പറഞ്ഞു.

സമാകാലീന ക്രിക്കറ്റില്‍ 50 രാജ്യാന്തര സെഞ്ചുറികളുള്ള ഒരേയൊരു ബാറ്റ്സ്മാനാണ് കോലി. രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണര്‍ക്ക് 43 ഉം മൂന്നാം സ്ഥാനത്തുള്ള ക്രിസ് ഗെയ്‌ലിന് 42 ഉം സെഞ്ചുറികളാണുള്ളത്.