ദില്ലി: വിരാട് കോലി വിസ്‌മയ ഫോം തുടര്‍ന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒട്ടേറെ റെക്കോര്‍ഡുകള്‍ തകരുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെയെല്ലാം പ്രവചനം. റണ്‍ മെഷീനായും സെഞ്ചുറി മെഷീനായും കോലി കുതിക്കുമ്പോള്‍ അത് സ്വഭാവികം. അതുകൊണ്ട്, ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനും കോലിയുടെ റെക്കോര്‍ഡ് വേട്ടയില്‍ തെല്ല് സംശയമില്ല. 

'വിരാട് കോലിയാണ് ഇപ്പോഴത്തെ മികച്ച ബാറ്റ്‌സ്‌മാന്‍. ഇതിന് കാരണം റണ്‍സും സെഞ്ചുറികളും അടിച്ചുകൂട്ടുന്നതും. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒട്ടുമിക്ക റെക്കോര്‍ഡുകളും കോലി തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ 200 ടെസ്റ്റുകളെന്ന സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്കോ മറ്റാര്‍ക്കെങ്കിലുമോ കഴിയുമെന്ന് കരുതുന്നില്ല. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്‌മിത്തിനെക്കാള്‍ മികച്ച ബാറ്റ്‌സ്‌മാനാണ് കോലി. ലോകത്തെ ഒന്നാം നമ്പര്‍ താരമാണ് ഇന്ത്യന്‍ നായകന്‍' എന്നും വീരു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

സച്ചിന്‍ 463 ഏകദിനത്തില്‍ 44.83 ശരാശരിയില്‍ 18426 റണ്‍സാണ് നേടിയിട്ടുള്ളത്. കോലി 239 ഏകദിനങ്ങളില്‍ നിന്ന് 60.31 ശരാശരിയില്‍ ഇതിനകം 11520 റണ്‍സ് പേരിലാക്കി. സച്ചിന്‍ 49 സെഞ്ചുറി നേടിയപ്പോള്‍ കോലിക്ക് 43 എണ്ണം!. അതായത് സച്ചിനെ മറികടക്കാന്‍ കോലിക്ക് അധികനാള്‍ വേണ്ടിവരില്ല. 200 ടെസ്റ്റില്‍ 53.79 ശരാശരിയില്‍ 15921 റണ്‍സാണ് സച്ചിന്‍റെ സമ്പാദ്യം. കോലിയാവട്ടെ 77 ടെസ്റ്റില്‍ 53.76 ശരാശരിയില്‍ 6613 റണ്‍സ് അടിച്ചുകൂട്ടി. ടെസ്റ്റില്‍ സച്ചിന് 51 സെഞ്ചുറിയുണ്ടെങ്കില്‍ കോലിക്ക് 25 എണ്ണം മാത്രമേയുള്ളൂ.