Asianet News MalayalamAsianet News Malayalam

രോഹിത്തിനെ തൊടാന്‍ കോലിക്കാവില്ല! എങ്കിലും ഏകദിന ലോകകപ്പിലെ റെക്കോര്‍ഡ് പട്ടികയില്‍ കോലിയും

ലോകകപ്പില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ കോലിയുടെ ആദ്യ സെഞ്ചുറി കൂടിയാണിത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കോലിക്ക് മികച്ച റെക്കോര്‍ഡുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കോലിയുടെ പ്രകടനം. 

virat kohli created record after century against bangladesh in world cup saa
Author
First Published Oct 19, 2023, 10:06 PM IST

പൂനെ: ഏകദിന ലോകകപ്പുകളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നാലാമത്തെ സ്ഥാനം പങ്കിട്ട് വിരാട് കോലി. ഇന്ന് ബംഗ്ലാദേശിനെതിരെ ലോകകപ്പിലെ മൂന്നാം സെഞ്ചുറിയാണ് കോലി നേടിയത്. ഇക്കാര്യത്തില്‍ ശിഖര്‍ ധവാനും കോലിക്കൊപ്പമുണ്ട്. അപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ് മുന്നില്‍ ഏഴ് സെഞ്ചുറികളാണ് രോഹിത് നേടിയത്. രണ്ടാം സ്ഥാനത്ത് ആറ് സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നാല് സെഞ്ചുറികള്‍ നേടിയിട്ടുള്ള സൗരവ് ഗാംഗുലി മൂന്നാമതുണ്ട്. ലോകകപ്പില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ കോലിയുടെ ആദ്യ സെഞ്ചുറി കൂടിയാണിത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ കോലിക്ക് മികച്ച റെക്കോര്‍ഡുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കോലിയുടെ പ്രകടനം. 

ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസ് (66), തന്‍സിദ് ഹസന്‍ (51), മഹ്മുദുള്ള (46) എന്നിവരുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലിയാണ് (103) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ (48 ശുഭ്മാന്‍ ഗില്‍ (53 കെ എല്‍ രാഹുല്‍ (34) നിര്‍ണായക പ്രകടനം പുറത്തെടുത്തു.

രോഹിത് - ഗില്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 88 റണ്‍സിന്റെ അടിത്തറയിട്ടു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ രോഹിത് വീണു. ഹസന്‍ മഹ്മൂദിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ തൗഹിദ് ഹൃദോയ്ക്ക് ക്യാച്ച്. പിന്നാലെ മൂന്നാം വിക്കറ്റില്‍ കോലി - ഗില്‍ സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗില്‍ മെഹിദി ഹസന്‍ മിറാസിന് വിക്കറ്റ് നല്‍കി. ശ്രേയസ് അയ്യര്‍ക്ക് (19) തിളങ്ങാനുമായില്ല. എന്നാല്‍ രാഹുലിനെ കൂട്ടുപിടിച്ച് കോലി വിജയത്തിലേക്ക് നയിച്ചു. 97 പന്തുകള്‍ നേരിട്ട കോലി നാല് സിക്സും ആറ് ഫോറും നേടി. 

കോലിക്ക് സെഞ്ചുറി! ബംഗ്ലാ കടുവകളേയും വെട്ടിനുറുക്കി ടീം ഇന്ത്യ; ഏകദിന ലോകപ്പില്‍ തുടര്‍ച്ചയായ നാലാം ജയം

Follow Us:
Download App:
  • android
  • ios