സെഞ്ചുറി നേടിയതോടെ ടെസ്റ്റില്‍ നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന പട്ടികയിലും കോലിയെത്തി. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സാക്ഷാല്‍ ബ്രയാന്‍ ലാറയെയാണ് കോലി പിന്തള്ളിയത്.

ട്രിനിഡാഡ്: അഞ്ച് വര്‍ഷത്തിനുശേഷം വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ചുറിയിലൂടെ വിരാട് കോലി ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ കോലി പൂര്‍ത്തിയാക്കിയത്. ഇതോടെ കരിയറിലെ 500-ാം രാജ്യാന്തര മത്സരത്തില്‍ ശതകം നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമായി. ഇപ്പോള്‍ സെഞ്ചുറിയെ കുറിച്ച് സംസാരിക്കുകയാണ് കോലി. 

വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോള്‍ തനിക്ക് പ്രത്യേക ഊര്‍ജമായിരുന്നുവെന്ന് കോലി വ്യക്തമാക്കി. കോലിയുടെ വാക്കുകള്‍... ''ഇന്ത്യക്കായി 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ സന്തോഷം. 15 ടെസ്റ്റ് സെഞ്ചുറികള്‍ വിദേശത്ത് നേടി. ഏറ്റവും കൂടുതല്‍ സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും വിദേശ പിച്ചില്‍ തന്നെ. രണ്ടാം ടെസ്റ്റില്‍ എനിക്ക് ആസ്വദിച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചു. ക്ഷമയോടെ കാത്തിരുന്നാണ് ബാറ്റിങ് മുന്നോട്ടു കൊണ്ടുപോയത്. ഞാന്‍ ക്രീസിലെത്തുമ്പോള്‍ ടീം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അതുതന്നെയാണ് എനിക്ക് ഊര്‍ജം നല്‍കിയത്. ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ടീം ആഗ്രഹിക്കുന്നത്. ടീമിനായി കളിക്കാനാണ് ഞാനെപ്പോഴും ശ്രദ്ധിക്കുന്നത്. ഫിറ്റ്‌നെസില്‍ ഞാന്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ഉറക്കം, ഭക്ഷണം, വിശ്രമം, പരിശീലനം എന്നിവയ്‌ക്കെല്ലാം ഞാന്‍ പ്രാധാന്യം നല്‍കുന്നുണ്ട്.'' കോലി വ്യക്തമാക്കി. 

സെഞ്ചുറി നേടിയതോടെ ടെസ്റ്റില്‍ നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന പട്ടികയിലും കോലിയെത്തി. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സാക്ഷാല്‍ ബ്രയാന്‍ ലാറയെയാണ് കോലി പിന്തള്ളിയത്. നാലാം നമ്പറില്‍ കോലിയുടെ 25-ാം സെഞ്ചുറിയാണിത്. കരിയറില്‍ 34 സെഞ്ചുറികള്‍ നേടിയിട്ടുള്ള ലാറ നാലാം നമ്പറിലിറങ്ങി 24 സെഞ്ചുറികളാണ് അടിച്ചത്.

2013ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചശേഷമാണ് കോലി ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്ററായത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണ് നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള ബാറ്ററും. 44 സെഞ്ചുറികളാണ് നാലാം നമ്പറില്‍ സച്ചിന്‍ അടിച്ചെടുത്തത്. ജാക്വിസ് കാലിസ്(35), മഹേല ജയവര്‍ധനെ(30) എന്നിവരാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

'ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് വീണ്ടും പുറത്തേക്ക് അജിങ്ക്യ രഹാനെ'; തുറന്നുപറഞ്ഞ് മുന്‍ താരം