ഇന്ത്യൻ ടീമിലെ സഹതാരവും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരവുമായ ഇഷാന്ത് ശര്‍മയുമായുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചാണ് കോലി മനസു തുറന്നത്.
ബെംഗളൂരു: ഇന്ത്യൻ ടീമില്‍ ഒരുമിച്ച് കളിക്കുമ്പോഴും ഐപിഎല്ലില്‍ വ്യത്യസ്ത ടീമുകളില്‍ കളിക്കുമ്പോഴും സഹതാരങ്ങളുമായുള്ള വിരാട് കോലിയുടെ ഇടപെടലുകളും സൗഹൃദവുമെല്ലാം ആരാധകര്‍ എല്ലായ്പ്പോഴും ചര്‍ച്ചയാക്കാറുണ്ട്. ഇന്ത്യൻ ടീമില്‍ ശുഭ്മാന്‍ ഗില്ലുമായുള്ള കോലിയുടെ സൗഹൃദവും ആരാധകര്‍ പലപ്പോളും ടിവിയിലുടെയും നേരിലും കണ്ടിട്ടുമുണ്ട്. എന്നാല്‍ തന്‍റെ ജീവതത്തിലെ ഏറ്റവും അടുത്ത സുഹൃത്ത് മറ്റൊരു താരമാണെന്ന് വെളിപ്പെടുത്തുകയാണ് വിരാട് കോലി. ആര്‍സിബി പോഡ്കാസ്റ്റിലാണ് കോലി ഇക്കാര്യം തുറന്നുപറയുന്നത്.
ഇന്ത്യൻ ടീമിലെ സഹതാരവും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരവുമായ ഇഷാന്ത് ശര്‍മയുമായുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചാണ് കോലി മനസു തുറന്നത്. ചെറുപ്പം മുതല്‍ വിവിധ പ്രായ ഗ്രൂപ്പുകളില്‍ ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണ് കോലിയും ഇഷാന്തും. ഇന്ത്യൻ ടീമിലും ഇരുവരും ഏതാണ്ട് ഒരേസമയത്താണ് അരങ്ങേറിയത്. ഇപ്പോള്‍ ഇന്ത്യൻ ടീമിലില്ലെങ്കിലും ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ കാണുമ്പോള്‍ പോലും ഇരുവരുടെയും സൗഹൃദവും കളിയാക്കലുകളും ആരാധകർ കാണാറുണ്ട്.
ആദ്യം കാണുന്ന ദിവസം മുതല്‍ ഇന്നുവരെ ഞനേറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന സുഹൃത്ത് ഇഷാന്താണ്. അതിലൊരു മാറ്റവും വന്നിട്ടില്ല. ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നതോ അല്ലാത്തതോ ഒന്നും അതില്‍ വിഷയമല്ല. യാതൊരു മുന്‍വിധികളുമില്ലാതെ എനിക്കനവനോട് എന്തും പറയാൻ പറ്റും. പരസ്പരം ഞങ്ങള്‍ തമ്മിൽ അത്രത്തോളം മനസിലാക്കിയവരാണ്. അതുകൊണ്ട് തന്നെ അവന്‍ എന്‍റെ ജീവിതത്തില്‍ ഏറെ സ്പെഷ്യലാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോള്‍ കമന്‍ററി ബോക്സിലുണ്ടായിരുന്ന ഇഷാന്ത് ശര്‍മ കണ്ണീരണിഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നമ്മളുമായി അത്രയും അടുത്ത ബന്ധമുള്ളവര്‍ക്കെ അവരിപ്പോൾ എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാവു. എത്രയോകാലമായി ആഗ്രഹിക്കുന്ന നേട്ടമാണിത്. ആ നേട്ടത്തിന്‍റെ പ്രാധാന്യം അവനും മനസിലായി കാണും. അതാവാം കരഞ്ഞതെന്ന് കോലി പറഞ്ഞു.


