കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഫീല്‍ഡീല്‍ ശരിക്കും നായകനായിരുന്നു. ജസ്പ്രീത് ബുമ്രയുടെ ഹാട്രിക്ക് നേട്ടത്തിന് കാരണമായ നിര്‍ണായക ഡിആര്‍എസ് എടുത്തതിന് പിന്നാലെ വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഷാമറ ബ്രൂക്സിനെ റണ്ണൗട്ടാക്കിയാണ് കോലി തന്റെ മികവ് പുറത്തെടുത്തത്.

50 റണ്‍സെടുത്ത് വിന്‍ഡീസിന്റെ ടോപ് സ്കോററായ ബ്രൂക്സിന്റെ സിംഗിളെടുക്കാനുള്ള ശ്രമമാണ് കോലിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടില്‍ കലാശിച്ചത്. പോയന്റിലേക്ക് തട്ടിയെടുത്ത പന്തില്‍ സിംഗിളിനായി ക്രീസ് വിട്ടെങ്കിലും കവറില്‍ നിന്ന് ഓടിയെത്തിയ കോലി പന്തെടുത്ത് വിക്കറ്റിലേക്ക് എറിഞ്ഞു.

ബാലന്‍സ് തെറ്റി വീഴാന്‍ തുടങ്ങുമ്പോഴായിരുന്നു കോലിയുടെ ത്രോ. ക്രീസിലേക്ക് തിരിച്ചുകയറാനുള്ള ബ്രൂക്സിന്റെ ശ്രമം കോലിയുടെ മിന്നല്‍ ത്രോയില്‍ നിഷ്ഫലമായി. ടെസ്റ്റില്‍ ബ്രൂക്സിന്റെ ആദ്യ അര്‍ധസെഞ്ചുറിയായിരുന്നു ഇത്.