ന്യൂസിലന്‍ഡിനെതിരായ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന വിരാട് കോലിയുടെ റെക്കോര്‍ഡ് ഗില്‍ മറികടന്നിരുന്നു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കോലി പുറത്താകാതെ നേടിയ 122 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഗില്‍ ഇന്നലെ 126 റണ്‍സായി ഉയര്‍ത്തിയത്.

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നട്ടെല്ലായ യുവതാരം ശുഭ്മാന്‍ ഗില്ലിന് പ്രശംസയുമായി വിരാട് കോലി. അഹമ്മദാബാദില്‍ ഗില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ താരകം, ഭാവി ഇവിടെയാണ് എന്ന് കോലി കുറിച്ചു. വിരാട് കോലിയെ ആലിംഗനം ചെയ്തു നില്‍ക്കുന്ന ഗില്ലിന്‍റെ ചിത്രത്തിനൊപ്പമായിരുന്നു കോലിയുടെ കമന്‍റ്.

ന്യൂസിലന്‍ഡിനെതിരായ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന വിരാട് കോലിയുടെ റെക്കോര്‍ഡ് ഗില്‍ മറികടന്നിരുന്നു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കോലി പുറത്താകാതെ നേടിയ 122 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഗില്‍ ഇന്നലെ 126 റണ്‍സായി ഉയര്‍ത്തിയത്.

ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് വിലയിരുത്തപ്പെടുന്ന ഗില്‍ ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ്. ടി20യില്‍ അരങ്ങേറിയശേഷം കരിയറിന്‍റെ അവസാനഘട്ടത്തിലാണ് കോലി ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി കുറിച്ചതെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ ഗില്‍ തന്‍റെ കരിയറിലെ ആദ്യഘട്ടത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിക്കഴിഞ്ഞു.

ഈ സെഞ്ചുറിക്ക് മുമ്പ് കളിച്ചിരുന്ന അഞ്ച് കളികളില്‍ 76 റണ്‍സ് മാത്രം നേടിയിരുന്ന ഗില്ലിന്‍റെ ടി20യിലെ ഓപ്പണര്‍ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്ന ഘട്ടത്തിലായിരുന്നു യുവതാരത്തിന്‍റെ വെടിക്കെട്ട് പ്രകടനം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ നിര്‍ണായക മൂന്നാം മത്സരത്തില്‍ ഗില്ലിന് പകരം പൃഥ്വി ഷായെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഏകദിനത്തിലും ടി20യിലും മിന്നിത്തിളങ്ങിയ ഗില്‍ അടുത്ത ആഴ്ച ഓസ്ട്രേലിയ്കകെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് ഇനി കളിക്കുക.