ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ മാറ്റണമെന്ന ആവശ്യവുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുക കോലിയുടെ പതിവ് രീതിയാണ്
ദില്ലി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റത്തിനുള്ള മുറവിളി ശക്തമാണ്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവര്‍ക്ക് പകരം വരാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ യശസ്വി ജയ്‌സ്വാളിനെയും സര്‍ഫ്രാസ് ഖാനെയും പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം.
അതേസമയം, സീനിയര്‍ താരങ്ങളെ നിലനിര്‍ത്തി യുവതാരങ്ങളെ ടീമിലെടുക്കണമെന്ന വാദവും ഉയരുന്നുണ്ട്. എന്തായാലും ടീമില്‍ മാറ്റത്തിനായുള്ള മുറവിളി ശക്തമാകുമ്പോള്‍ വിമര്‍ശകര്‍ക്ക് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ മറുപടി നല്‍കുകയാണ് വിരാട് കോലി. പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരന്‍ അലന്‍ വാട്സിന്‍റെ മാറ്റത്തെക്കുറിച്ചുള്ള ഉദ്ധരണിയാണ് കോലി തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ മാറ്റണമെന്ന ആവശ്യവുമായി ഇതിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുക കോലിയുടെ പതിവ് രീതിയാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കോലിയടക്കമുള്ളവരുടെ ബാറ്റിംഗിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ നിശബ്ദതയാണ് ഏറ്റവും വലിയ കരുത്തെന്ന് കോലി ഇന്‍സ്റ്റ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിംഗ്സില്‍ 14 റണ്‍സെടുത്ത് പുറത്തായ കോലി രണ്ടാം ഇന്നിംഗ്സില്‍ 49 റണ്‍സടിച്ച് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനം 160-3 എന്ന സ്കോറിലാണ് ക്രീസ് വിട്ടതെങ്കിലും അവസാന ദിനം തുടക്കത്തിലെ കോലി പുറത്തായതോടെ ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു. 234 റണ്‍സിന് പുറത്തായതോടെ 209 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് വഴങ്ങിയത്.
