ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ കാലം കഴിഞ്ഞുവെന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ തന്നെ കോലി ടീം അംഗങ്ങളോട് പറഞ്ഞതായാണ് വിവരം.

ദില്ലി: രോഹിത് ശര്‍മക്ക് പിന്നാലെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ ഞെട്ടലിലാണ് ആരാധകര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടന്ന ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്കിടെ തന്നെ കോലി ടെസ്റ്റ് മതിയാക്കാനുള്ള തീരുമാനം എടുത്തിരുന്നുവെന്നും ഇക്കാര്യം ടീം അംഗങ്ങളെയും ബിസിസിഐയെും അറിയിച്ചിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ കാലം കഴിഞ്ഞുവെന്ന് ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ തന്നെ കോലി ടീം അംഗങ്ങളോട് പറഞ്ഞതായാണ് വിവരം. എന്നാല്‍ അന്ന് ടീം അംഗങ്ങളോ ബിസിസിഐയോ ഇത് അന്ന് ഗൗരവമായി എടുത്തിരുന്നില്ല. ഇതിനിടെയാണ് അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് കോലി ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഐപിഎല്ലിനിടെയും ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള തന്‍റെ സന്നദ്ധത കോലി ബിസിസിഐ അധികൃതരെ ധരിപ്പിച്ചിരുന്നു. എന്നാല്‍ വിരാട് കോലി ഉടന്‍ വിരമിക്കരുതെന്നാണ് ബിസിസിഐ നിലപാട്.

ഇംഗ്ലണ്ട് പരമ്പരയില്‍ കളിക്കാനില്ലെന്ന നിലപാട് പുന:പരിശോധിക്കാനും കുറച്ചു കൂടി സമയമെടുത്ത് തീരുമാനം എടുക്കാനും ബിസിസിഐ അധികൃതര്‍ കോലിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരാട് കോലി ഇപ്പോഴും ഫിറ്റാണെന്നും അദ്ദേഹത്തിന്‍റെ സാന്നിധ്യം തന്നെ ടീമിനെയാകെ ഉത്തേജിപ്പിക്കുന്നതാണെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു. അതുകൊണ്ട് തന്നെ കോലിയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറി നേടി മികച്ച തുടക്കമിട്ട കോലിക്ക് പിന്നീട് മികവ് കാട്ടാനായിരുന്നില്ല. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച കോലിക്ക് ആകെ 190 റൺസ് മാത്രമാണ് നേടാനായത്. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം കോലി ആകെ നേടിയത് 1990 റണ്‍സ് മാത്രമാണ്.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സ് നേടി. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും വിരാട് കോലിയുടെ പേരിലുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് വിരാട് കോലിയാണ് ഒരു ദശകത്തോളം ഇന്ത്യയുടെ നെടുന്തൂണായത്.\