മാലദ്വീപില്‍ നിന്ന് മടങ്ങിയ ശേഷമാണ് കോലി കൊവിഡ് പോസിറ്റീവായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് അദ്ദേഹം നെഗറ്റീവാവുകയായിരുന്നു. നിലവില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് കോലി.

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ (Virat Kohli) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (IND vs SA) ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ (BCCI) തീരുമാനിക്കുകയായിരുന്നു. ഈ ഇടവേള ആഘോഷിക്കാന്‍ അദ്ദേഹം ഭാര്യ അനുഷ്‌കയ്ക്കും മകള്‍ വാമികയ്ക്കും ഒപ്പം മാലദ്വീപിലേക്ക് പോവുകയാണുണ്ടായത്. എന്നാല്‍ അവധി ആഘോഷള്‍ക്ക് ശേഷം കൊലി കൊവിഡ് പോസിറ്റീവായിരുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

മാലദ്വീപില്‍ നിന്ന് മടങ്ങിയ ശേഷമാണ് കോലി കൊവിഡ് പോസിറ്റീവായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് അദ്ദേഹം നെഗറ്റീവാവുകയായിരുന്നു. നിലവില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട് കോലി. കഴിഞ്ഞ ആഴ്ച്ചയാണ് കോലി ഇംഗ്ലണ്ടിലെത്തിയത്. അദ്ദേഹം രാഹുല്‍ ദ്രാവിഡിനൊപ്പം നില്‍ക്കുന്ന ചിത്രമെല്ലാം കോലി പങ്കുവച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് പോസിറ്റീവാകുന്നത് ഇന്ത്യന്‍ ക്യാംപില്‍ തലവേദനയുണ്ടാക്കുന്നുണ്ട്. നേരത്തെ ആര്‍ അശ്വിന് കൊവിഡ് പൊസിറ്റീവായത് കാരണം ഇംഗ്ലണ്ടിലെത്താന്‍ സാധിച്ചിരുന്നില്ല.

ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ ടീം മൂന്നോ നാലോ സംഘമായാണ് ഇത്തവണ എത്തിയത്. 16ന് പോയ ആദ്യ സംഘത്തില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ എന്നിവരടക്കമുള്ള താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിന്നീടാണ് ലണ്ടനിലെത്തിയത്. ദക്ഷിണാഫ്രിക്കക്കെതരായ ടി20 പരമ്പര പൂര്‍ത്തിയാക്കിയശേഷം ശ്രേയസ് അയ്യരും റിഷഭ് പന്തും പിന്നീട് ഇംഗ്ലണ്ടിലെത്തി. 

പരിശീലന മത്സരത്തിന് ഇറങ്ങുന്നിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുന്നത്. ടീമിലെ കൊവിഡ് ബാധയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ ഇന്ത്യ മടങ്ങിയത്. 

പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. ഏജ്ബാസ്റ്റണില്‍ ജയമോ സമനിലയോ നേടിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും. എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലറങ്ങുന്ന ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമിലാണ്. ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ് ആധികാരിക ജയം നേടിയിരുന്നു.