സിഡ്‌നി: ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം ഇതിനകം ചര്‍ച്ചകളില്‍ ഇടംപിടിച്ചുകഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ലോകക്രിക്കറ്റില്‍ ഈ പതിറ്റാണ്ടിലെ കരുത്തരെ തീരുമാനിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കുമോ കോലിപ്പട എന്ന ആകാംക്ഷയും ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിക്കുന്നു.

ആരാധകര്‍ക്ക് ദീര്‍ഘകാലം ഓര്‍ത്തിരിക്കാന്‍ കഴിയുന്ന പരമ്പരയാകും ഇന്ത്യയും ഓസീസും തമ്മില്‍ നടക്കുക എന്ന് മുന്‍ നായകന്‍ സ്റ്റീവ് വോ പറയുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്ന് തെളിയിക്കാന്‍ വിരാട് കോലി ഒരു വെല്ലുവിളി സ്വീകരിക്കും എന്നാണ് പ്രതീക്ഷയെന്നും അദേഹം വ്യക്തമാക്കി. 

'ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര എക്കാലത്തും വാശിയേറിയതാണ്. അതൊരു പാരമ്പര്യമായി മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന പരമ്പര വി‌സ്‌മയമായിരിക്കും. പരമ്പരയിലേക്ക് എല്ലാവരുടെയും കണ്ണുകള്‍ വന്നുകഴിഞ്ഞു. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്‌മിത്തും തങ്ങളെ(ഓസീസിനെ) കരുത്തരാക്കും എന്ന കാര്യത്തില്‍ സംശയമില്ല' എന്നും മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്‌ക്കായി ഓസീസിനൊപ്പം ഇന്ത്യയിലെത്തിയ സ്റ്റീവ് വോ പറഞ്ഞു. 

ഓസ്‌ട്രേലിയയില്‍ പകല്‍-രാത്രി ടെസ്റ്റ്: കച്ചമുറുക്കുമോ കോലി

'ഓസ്‌ട്രേലിയയില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കുക സങ്കീര്‍ണമാണ്. എന്നാല്‍ ആ വെല്ലുവിളി ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഏറ്റെടുക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യും എന്നാണ് പ്രതീക്ഷ. നിലവിലെ ഏറ്റവും മികച്ച സമ്പൂര്‍ണ ടീം ഇന്ത്യയാണ്. ലോകത്തെ ഏറ്റവും മികച്ച ടീമാണെങ്കില്‍ ഏത് ടീമിനെതിരെയും ഏത് സാഹചര്യത്തിലും കോലിപ്പട ജയിക്കേണ്ടതുണ്ട്. അതിന് ടീം ഇന്ത്യ തയ്യാറാവും എന്നാണ് പ്രതീക്ഷ' എന്നും ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് ചൂണ്ടിക്കാട്ടി സ്റ്റീവ് വോ പറ‍ഞ്ഞു. 

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിൽ പിങ്ക് ബോള്‍ ടെസ്റ്റ് ഉണ്ടോയെന്ന് അടുത്തയാഴ്‌ച അറിയാം. ക്രിക്കറ്റ് ഓസ്‌ട്രേലിയ- ബിസിസിഐ അധ്യക്ഷന്മാര്‍ ചൊവ്വാഴ്‌ച മുംബൈയിൽ നടത്തുന്ന കൂടിക്കാഴ്‌ചയിൽ വിഷയം ചര്‍ച്ചയാകും. ഇന്ത്യ- ഓസീസ് ആദ്യ ഏകദിനത്തിനിടെയാകും സൗരവ് ഗാംഗുലിയും കെവിന്‍ റോബര്‍ട്ട്സും കൂടിക്കാഴ്‌ച നടത്തുക. ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇന്ത്യ പകലും രാത്രിയുമായി ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ളത്. പരിശീലന മത്സരം ലഭിച്ചാൽ ഓസ്‌ട്രേലിയയിൽ പിങ്ക് ബോള്‍ ടെസ്റ്റിന് തയ്യാറാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു.