Asianet News MalayalamAsianet News Malayalam

സഞ്ജു സാംസണ്‍, റിങ്കു സിംഗ്, വിരാട് കോലി? അഫ്ഗാന്‍ പരമ്പരയിലെ മികച്ച ഫീല്‍ഡറെ പ്രഖ്യാപിച്ചു, കിംഗ് കോലി തന്നെ

സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍ തിളങ്ങി എന്ന് ഇന്ത്യന്‍ ഫീല്‍ഡിംഗ് പരിശീലകന്‍ മൂന്നാം ട്വന്‍റി 20ക്ക് ശേഷം പറഞ്ഞു

Virat Kohli won the best fielder award in IND vs AFG T20Is Sanju Samson Rinku Singh got applause
Author
First Published Jan 18, 2024, 7:03 PM IST

ബെംഗളൂരു: അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്‍റി 20യില്‍ ഗോള്‍ഡന്‍ ഡക്കായി ബാറ്റിംഗില്‍ നാണംകെട്ടെങ്കിലും ഫീല്‍ഡിംഗില്‍ രാജാവായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ബെംഗളൂരുവില്‍ നടന്ന മൂന്നാം മത്സരത്തിലെ ഫീല്‍ഡിംഗ് മികവിന്‍റെ അടിസ്ഥാനത്തില്‍ പരമ്പരയിലെ ഇന്ത്യന്‍ ടീമിന്‍റെ ബെസ്റ്റ് ഫീല്‍ഡര്‍ പുരസ്കാരം കോലി സ്വന്തമാക്കി. 

ചിന്നസ്വാമി സ്റ്റേഡിയം വേദിയായ ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ട്വന്‍റി 20യില്‍ ബാറ്റിംഗില്‍ നിരാശയായിരുന്നു വിരാട് കോലിക്ക് ഫലം. അഫ്ഗാന്‍ പേസര്‍ ഫരീദ് അഹമ്മദിന്‍റെ ആദ്യ പന്ത് ഉയര്‍ത്തിയടിച്ച കോലി ഇബ്രാഹിം സദ്രാന്‍റെ അനായാസ ക്യാച്ചില്‍ മടങ്ങി. എന്നാല്‍ മത്സരം മാറ്റിമറിക്കുന്ന ഫീല്‍ഡിംഗ് മികവുമായി കോലി മൈതാനത്ത് തിളങ്ങുന്നത് പിന്നീട് കണ്ടു. അഫ്ഗാന്‍ ഇന്നിംഗ്സിലെ 17-ാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പന്തില്‍ കരീം ജനാത്തിന്‍റെ ലെഗ് ഓണിലൂടെ സിക്സ് എന്ന് ഉറപ്പിച്ച ഷോട്ട് കോലി ബൗണ്ടറിലൈനില്‍ ഉയര്‍ന്നുചാടി തട്ടി ഉള്ളിലിട്ടു. വായുവില്‍ വച്ച് പന്ത് സുരക്ഷിതമായി കൈക്കലാക്കിയ ശേഷം ബൗണ്ടറിലൈനില്‍ കാലുകള്‍ തൊടാതെ കോലി പന്ത് അതിര്‍ത്തിക്കുള്ളിലേക്ക് തട്ടിയിടുകയായിരുന്നു. നാല് റണ്‍സാണ് ഈ അക്രോബാറ്റിക് പ്രകടനത്തിലൂടെ കോലി സേവ് ചെയ്തത്. 

പിന്നാലെ ആവേഷ് ഖാന്‍റെ ഓവറില്‍ നജീബുള്ള സദ്രാനെ പിടികൂടാന്‍ വിരാട് കോലി മിന്നും റണ്ണിംഗ് ക്യാച്ച് എടുക്കുകയും ചെയ്തു. ഈ രണ്ട് പ്രകടനങ്ങളോടെ കോലിയെ പരമ്പരയിലെ മികച്ച ഫീല്‍ഡറായി ഇന്ത്യന്‍ ഫീല്‍ഡിംഗ് പരിശീലകന്‍ ടി ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു. കോലിക്ക് ശക്തമായ മത്സരവുമായി റിങ്കു സിംഗ് രംഗത്തുണ്ടായിരുന്നു. അഫ്ഗാനെതിരായ പരമ്പരയില്‍ ബൗണ്ടറിലൈനില്‍ ടീം ഇന്ത്യയുടെ സുരക്ഷിത ഫീല്‍ഡറായിരുന്നു റിങ്കു സിംഗ്. പരമ്പരയിലെ മികച്ച ഫീല്‍ഡിംഗ് പ്രകടനത്തിന് ഇന്ത്യന്‍ താരങ്ങളെ ടി ദിലീപ് പ്രശംസിച്ചു. സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍ തിളങ്ങി എന്നും ഫീല്‍ഡിംഗ് പരിശീലകന്‍ പറഞ്ഞു. മികച്ച ത്രോയും സ്റ്റംപിംഗും മൂന്നാം മത്സരത്തില്‍ സഞ്ജുവിനുണ്ടായിരുന്നു. 

Read more: സഞ്ജു സാംസൺ ഉൾപ്പെട്ട റെക്കോർഡ് പഴങ്കഥ; തല്ലിക്കെടുത്തി രോഹിത് ശർമ്മ- റിങ്കു സിം​ഗ് കൂട്ടുകെട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios