ഇന്ത്യക്കായി കളിക്കാന്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട്. നിർഭാഗ്യം കൊണ്ടുമാത്രം പുറത്തിരിക്കുന്ന താരങ്ങളാണ് ഇവരില്‍ ചിലർ എന്നും സെവാഗ്

ട്രെന്‍ഡ് ബ്രിഡ്‍ജ്: ഫോമില്ലായ്മയുടെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നായകന്‍ രോഹിത് ശർമ്മയും(Rohit Sharma) മുന്‍ നായകന്‍ വിരാട് കോലിയും(Virat Kohli) വലിയ വിമർശനം നേരിടുകയാണ്. രോഹിത് മികച്ച തുടക്കം നല്‍കുന്നുണ്ടെങ്കിലും മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ രാജാവായി വാണിരുന്ന കിംഗ് കോലി പൂർണമായും കിതയ്ക്കുകയാണ്. കോലിയെ ടി20 ഫോർമാറ്റില്‍ നിന്നുതന്നെ ഒഴിവാക്കണം എന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. ഇതേ ആവശ്യം പരോക്ഷമായി ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണർ വീരേന്ദർ സെവാഗ്(Virender Sehwag). 

'ഇന്ത്യക്കായി കളിക്കാന്‍ കഴിവുള്ള നിരവധി താരങ്ങളുണ്ട്. നിർഭാഗ്യം കൊണ്ടുമാത്രം പുറത്തിരിക്കുന്ന താരങ്ങളാണ് ഇവരില്‍ ചിലർ. ടി20 ക്രിക്കറ്റില്‍ നിലവിലെ ഫോം പരിഗണിച്ച് ഏറ്റവും മികച്ച താരങ്ങളെ കളിപ്പിക്കാനുള്ള വഴി കണ്ടെത്തുകയാണ് വേണ്ടത്' എന്നും വീരു ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ രോഹിതും കോലിയും 11 റണ്ണില്‍ പുറത്തായതിന് പിന്നാലെയാണ് വീരേന്ദർ സെവാഗിന്‍റെ വിമർശനം. ഇംഗ്ലണ്ടിനെതിരെ രണ്ട് ടി20കളില്‍ 12 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഏറെക്കാലം ഇന്ത്യയുടെ വിശ്വസ്ത ബാറ്ററായിരുന്ന കോലി നിറംമങ്ങിയെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു. 

Scroll to load tweet…

ഫോമിലല്ലാത്ത താരങ്ങളെ കളിപ്പിക്കുന്നതിനെതിരെ മുന്‍ പേസർ വെങ്കടേഷ് പ്രസാദും രംഗത്തെത്തിയിട്ടുണ്ട്. 'ഫോമിലല്ലെങ്കില്‍ പേരും പെരുമയും പോലും നോക്കാതെ താരങ്ങളെ പുറത്തിരുത്തുന്ന ഒരു കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, സഹീർ ഖാന്‍, ഹർഭജന്‍ സിംഗ് എന്നിവരെല്ലാം ഫോമിലല്ലാത്തപ്പോള്‍ ടീമിന് പുറത്തായിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി റണ്‍സ് കണ്ടെത്തിയ ശേഷമാണ് ഇവരെല്ലാം തിരിച്ച് ദേശീയ ടീമില്‍ മടങ്ങിയെത്തിയത്. എന്നാല്‍ ഈ രീതിയിപ്പോള്‍ മാറി. ഫോമിലല്ലാത്ത താരങ്ങളെ വിശ്രമത്തിന് അയക്കുകയാണ് ഇപ്പോള്‍. ഇത് മുന്നോട്ടുള്ള പാതയല്ല. ഏറെ പ്രതിഭകളുള്ള രാജ്യത്ത് പേരും പെരുമയും നോക്കി മാത്രം ആരെയും കളിപ്പിക്കരുത്'- എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

ഫോമിലല്ലാത്ത ഗാംഗുലിയും സെവാഗും യുവിയും വരെ പുറത്തായി, പക്ഷേ ഇപ്പോഴത്തെ താരങ്ങള്‍ക്ക് വിശ്രമം: മുന്‍താരം