രഹാനെയുടെ ബാറ്റിംഗ് പരാജയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്

ദില്ലി: ബാറ്റിംഗിലെ മോശം ഫോമിന് ഏറെ പഴി കേള്‍ക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ഉപനായകന്‍ അജിങ്ക്യ രഹാനെ. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ട് പര്യടനത്തില്‍ ദയനീയ പ്രകടനമാണ് രഹാനെ പുറത്തെടുത്തത്. ബാറ്റിംഗ് ക്രമത്തിലെ സ്ഥിരം അ‍ഞ്ചാം നമ്പര്‍ രഹാനെയ്‌ക്ക് നഷ്‌ടപ്പെടുന്നതും കണ്ടു. രഹാനെയുടെ ബാറ്റിംഗ് പരാജയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 

'വിദേശത്ത് പരമ്പരയില്‍ പരാജയപ്പെട്ടാലും നാട്ടില്‍ ഒരു അവസരം കൂടി നല്‍കണം. ഇംഗ്ലണ്ട് പര്യടനം നാല് വര്‍ഷത്തിലൊരിക്കലാകാം വരുന്നത്, എന്നാല്‍ ഇന്ത്യയില്‍ എല്ലാ വര്‍ഷവും ടെസ്റ്റ് പരമ്പരയുണ്ട്. നാട്ടിലും പരാജയമായാല്‍ വിദേശത്തെ മോശം ഫോം ഇവിടെയും തുടരുന്നു എന്ന് മനസിലാക്കാം'. 

'ഒരു ഫിഫ്റ്റി പോലുമില്ലാതെ എട്ടോ ഒന്‍പതോ ടെസ്റ്റുകളില്‍ കാര്യമായൊന്നും ചെയ്യാത്ത വമ്പന്‍ താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് 1200-1500 റണ്‍സ് ഒരു വര്‍ഷം അടിച്ചുകൂട്ടുന്നതും കാണാനായി. എല്ലാവരും ഫോമിന്‍റെ മോശം കാലഘട്ടത്തിലൂടെ കടന്നുപോകും. എന്നാല്‍ മോശം ഘട്ടത്തെ എങ്ങനെ അതിജീവിക്കും എന്നതാണ് പ്രധാനം. ഇന്ത്യയില്‍ അടുത്ത ടെസ്റ്റ് പരമ്പര നടക്കുമ്പോള്‍ രഹാനെയ്‌ക്ക് അവസരം നല്‍കണം എന്നാണ് എനിക്ക് പറയാനുള്ളത്. അവിടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, താങ്കളുടെ മികച്ച സംഭാവനകള്‍ക്ക് നന്ദി പറഞ്ഞ് അവസാനിപ്പിക്കാമെന്നും' വീരു കൂട്ടിച്ചേര്‍ത്തു. 

മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരായ മാച്ച് വിന്നിംഗ് സെഞ്ചുറിക്ക് ശേഷം അജിങ്ക്യ രഹാനയുടെ ബാറ്റിംഗ് താളം നഷ്‌ടപ്പെട്ടിരിക്കുകയാണ്. 2021ല്‍ കളിച്ച 11 ടെസ്റ്റുകളില്‍ 19.57 ശരാശരിയില്‍ 372 റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. 19 ഇന്നിംഗ്‌സുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് സമ്പാദ്യം. 

ഇംഗ്ലണ്ട് പര്യടനത്തില്‍ കളിച്ച നാല് ടെസ്റ്റുകളിലും ടീം ഇന്ത്യ രഹാനെയ്‌ക്ക് അവസരം നല്‍കിയെങ്കിലും ബാറ്റിംഗില്‍ നിരാശയായിരുന്നു ഫലം. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 15.57 ശരാശരിയില്‍ 109 റണ്‍സ് മാത്രം നേടി. അവസാന ടെസ്റ്റില്‍ അഞ്ചാം നമ്പറില്‍ രണ്ട് ഇന്നിംഗ്‌സുകളിലും രഹാനെയ്‌ക്ക് പകരം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്. ഒടുവിലത്തെ 10 ടെസ്റ്റ് ഇന്നിംഗ്‌സുകളില്‍ 27, 49, 15, 5, 1, 61, 18, 10, 14, 0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. 

രഹാനെയുടെ പകരക്കാരന്‍, പുതിയ ടെസ്റ്റ് ഉപനായകന്‍; പേരുകളുമായി ഇയാന്‍ ചാപ്പല്‍

ഓവലില്‍ രഹാനെ കളിച്ചത് ഇന്ത്യക്ക് വേണ്ടിയുള്ള അവസാന ടെസ്റ്റ് ഇന്നിംഗ്‌സ്: പാര്‍ത്ഥിവ് പട്ടേല്‍

അതിലും കഴിവ് തെളിയാക്കാനായില്ലെങ്കില്‍ രഹാനെയ്‌ക്ക് നന്ദി പറഞ്ഞ് അവസാനിപ്പിക്കാം: സെവാഗ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona