ഇന്ത്യയിൽ ഒരു ഫുട്ബോൾ ക്ലബ്ബ് നടത്തുകയും നിലനിർത്തുകയും ചെയ്യുക എന്നത് എല്ലായ്‌പ്പോഴും വലിയ വെല്ലുവിളിയാണ്. എന്നാല്‍, ലീഗിന്‍റെ ഭാവിയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ കടുത്ത നടപടി സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ല.
ബെംഗളൂരു: ഐഎസ്എൽ പ്രതിസന്ധിക്ക് പിന്നാലെ താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബെംഗളൂരു എഫ്‌സി. അനിശ്ചിതകാലത്തേക്കാണ് തീരുമാനമെന്ന് ക്ലബ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. ലീഗിന്‍റെ ഭാവിയെക്കുറിച്ചുള്ള അവ്യക്തത കാരണമാണ് തീരുമാനം. പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് ക്ലബിന്‍റെ ഉടമകളായ ജെ എസ് ഡബ്ല്യു ഗ്രൂപ്പ് അഭ്യർത്ഥിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്‍റെ ഭാവിയെ പറ്റിയുള്ള അനിശ്ചിതത്വം കണക്കിലെടുത്ത്, ഫസ്റ്റ് ഇലവന്‍ ടീമിലെ കളിക്കാരുടെയും സ്റ്റാഫുകളുടെയും ശമ്പളം അനിശ്ചിതമായി മരവിപ്പിക്കുക എന്ന വളരെ ബുദ്ധിമുട്ടേറിയ തീരുമാനം കൈക്കൊള്ളാന്‍ ടീം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ബെംഗളൂരു എഫ്‌സി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയിൽ ഒരു ഫുട്ബോൾ ക്ലബ്ബ് നടത്തുകയും നിലനിർത്തുകയും ചെയ്യുക എന്നത് എല്ലായ്‌പ്പോഴും വലിയ വെല്ലുവിളിയാണ്, എല്ലാ സീസണിലും പ്രതിസന്ധികളെല്ലാം മാറ്റിവെച്ച് ഞങ്ങൾ അതിനായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ലീഗിന്‍റെ ഭാവിയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ കടുത്ത നടപടി സ്വീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ല. ഞങ്ങളുടെ കളിക്കാരുടെയും ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയും ക്ഷേമവും ഞങ്ങൾക്ക് വളരെ പ്രധാനമാണ്, കളിക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒരു പരിഹാരത്തിനായി കാത്തിരിക്കുകയാണെന്നും ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു. ഈ തീരുമാനങ്ങൾ യൂത്ത് ടീമുകളിലെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും എഐഎഫ്എഫിനോടും എഫ്എസ്ഡിഎല്ലിനോടും കാര്യങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെട്ടുവെന്നും ക്ലബ് കൂട്ടിച്ചേർത്തു.
താരങ്ങളുടെയും പരിശീലകരുടെയും കരാർ റദ്ദാക്കാൻ ഒഡീഷ എഫ്‌സിയും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനിടെ പ്രതിസന്ധി ചർച്ച ചെയ്യാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അടിയന്തര യോഗം വിളിച്ചു. എട്ട് ഐഎസ്എല്‍ ക്ലബ്ബുകളുടെ സിഇഒമാർ പങ്കെടുക്കും. വ്യാഴാഴ്ച ദില്ലിയിലാണ് യോഗം.


