ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആരും കൊതിക്കുന്ന സ്വപ്‌ന തുടക്കമാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ അതിഗംഭീര ഇന്‍സ്വിങ്ങറില്‍ വിക്കറ്റ് നഷ്‌ടമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ സ്ഥിരം വേട്ടക്കാരന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ പന്തില്‍ ബൗള്‍ഡായ വാര്‍ണര്‍ ഇക്കുറി ആദ്യ ഇന്നിംഗ്‌സില്‍ യുവതാരം ജോഷ് ടംഗിന് മുന്നിലാണ് വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇതിന് തൊട്ടുമുമ്പുള്ള പന്തില്‍ ഭാഗ്യം കൊണ്ട് ലൈഫ് കിട്ടിയ വാര്‍ണര്‍ അടുത്ത ബോളില്‍ ഒന്നും ചെയ്യാനാവാതെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. ഈ ആഷസ് പരമ്പരയിലെ ഏറ്റവും മികച്ച വിക്കറ്റുകളില്‍ ഒന്നായി ഇത്.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആരും കൊതിക്കുന്ന സ്വപ്‌ന തുടക്കമാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ഓസീസ് ഇന്നിംഗ്‌സില്‍ ജയിംസ് ആന്‍ഡേഴ്‌സന്‍റെ നാലാം പന്തില്‍ ഫോറോടെ തുടങ്ങിയ വാര്‍ണര്‍ തുടക്കത്തിലെ ബൗണ്ടറികളുമായി കളം നിറഞ്ഞു. 70 പന്തില്‍ 17 റണ്‍സ് നേടിയ സഹ ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയെ ജോഷ് ടംഗ് എറിഞ്ഞ 24-ാം ഓവറിലെ ആദ്യ പന്തില്‍ നഷ്‌ടമായതൊന്നും വാര്‍ണറെ തെല്ലും ബാധിച്ചില്ല. ഇടയ്‌ക്കിടയ്‌ക്ക് മഴ കയറിവന്ന മത്സരത്തില്‍ 66 പന്തില്‍ നിന്ന് വാര്‍ണര്‍ സുന്ദര ഫിഫ്റ്റി പൂര്‍ത്തിയാക്കി. ഇന്നിംഗ്‌സിലെ 30-ാം ഓവര്‍ ജോഷ് ടംഗ് എറിയാനെത്തുമ്പോള്‍ 83 പന്തില്‍ 64 റണ്‍സുമായായിരുന്നു വാര്‍ണര്‍ ക്രീസില്‍ നിന്നിരുന്നത്. നാലാം പന്ത് ബാറ്റില്‍ കൊള്ളാതെ പിന്നിലേക്ക് പോയപ്പോള്‍ ബെയ്‌ല്‍സ് തെറിക്കാതെ ഭാഗ്യത്തിന് വാര്‍ണര്‍ക്ക് ബൗണ്ടറി ലഭിച്ചു. പന്ത് കൈക്കലാക്കാന്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയ്‌ര്‍സ്റ്റോയ്‌ക്കായില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ വീണ്ടുമൊരു ഇന്‍സ്വിങ്ങറിന് ടംഗ് ശ്രമം നടത്തിയപ്പോള്‍ ബാറ്റിനും ശരീരത്തിനും ഇടയിലൂടെ മിന്നല്‍ പോല പോയ പന്ത് വാര്‍ണറുടെ സ്റ്റംപ് കവര്‍ന്നു. എന്താണ് സംഭവിച്ചത് എന്നുപോലും പിടികിട്ടാതെ 88 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 66 റണ്‍സുമായി വാര്‍ണര്‍ കൂടാരം കയറി.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യദിനം രണ്ടാം സെഷന്‍ പൂര്‍ത്തിയായപ്പോള്‍ 50 ഓവറില്‍ 190-2 എന്ന നിലയിലാണ് ഓസ്ട്രേലിയ. മാര്‍നസ് ലബുഷെയ്‌നും(45*), സ്റ്റീവ് സ്‌മിത്തുമാണ്(38*) ക്രീസില്‍.
Read more: 'ലോകകപ്പില്‍ കാര്യവട്ടത്തെ തഴഞ്ഞതല്ല'; വിവാദങ്ങളില്‍ വിശദീകരണവുമായി ജയേഷ് ജോർജ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
