ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 137 റണ്‍സടിച്ചപ്പോള്‍ ഇന്ത്യക്ക് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെ നേടാനായുള്ളു.
ഹോങ്കോങ്: ഹോങ്കോങ് സിക്സസില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി ഇന്ത്യ. ഇന്നലെ പാകിസ്ഥാനെ തകര്‍ത്ത് തുടങ്ങിയ ഇന്ത്യ പിന്നീട് നടന്ന രണ്ട് മത്സരങ്ങളില്‍ കുവൈറ്റിനോടും യുഎഇയോടും തോറ്റിരുന്നു. ഇന്ന് നടന്ന നാലാം മത്സരത്തില്‍ നേപ്പാളിനോട് 92 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയതോടെയാണ് ദിനേശ് കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 137 റണ്‍സടിച്ചപ്പോള്‍ ഇന്ത്യക്ക് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെ നേടാനായുള്ളു.
12 പന്തില്‍ 47 റണ്‍സടിച്ച ക്യാപ്റ്റൻ സുദീപ് ജോറയും 17 പന്തില്‍ 55 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ റാഷിദ് ഖാനും 7 പന്തിൽ 31 റണ്‍സടിച്ച ലോകേഷ് ബാമും ചേര്‍ന്നാണ് ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. റോബിന്‍ ഉത്തപ്പ(3 പന്തില്‍ 5) നിരാശപ്പെടുത്തിയപ്പോള്‍ ബരത് ചിപ്ലി(5 പന്തില്‍ 12), പ്രിയങ്ക് പഞ്ചാല്‍(3 പന്തില്‍ 12) എന്നിവരാണ് ടോപ് സ്കോറര്‍മാരായത്.
ക്യാപ്റ്റൻ ദിനേശ് കാര്‍ത്തിക് 3 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നി ഗോള്‍ഡന ഡക്കായി.ഷഹബാസ് നദീം നാലു പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.നേരത്തെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ രണ്ട് റണ്‍സിന് തോല്‍പിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കുവൈറ്റിനോട് 27 റണ്‍സിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത കുവൈറ്റ് ആറോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 5.4 ഓവറില്‍ 79 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 26 റണ്‍സെടുത്ത അഭിമന്യു മിഥുനും 19 റണ്‍സെടുത്ത ഷഹബാസ് നദീമും 17 റണ്‍സെടുത്ത പ്രിയാങ്ക് പഞ്ചാലും മാത്രമാണ് ഇന്ത്യക്കായി പൊരുതിയത്. മൂന്നാം മത്സരത്തില്‍ യുഎഇക്കെതിരെ നാലു വിക്കറ്റിന് തോറ്റു. യുഎഇക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സടിച്ചങ്കിലും 5.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ യുഎഇ ലക്ഷ്യത്തിലെത്തി.


