ഷ്പഗീസ ക്രിക്കറ്റ് ലീഗിൽ അച്ഛൻ മുഹമ്മദ് നബിയെ സിക്സിന് തൂക്കി മകൻ ഹസ്സൻ ഐസഖിൽ. മിസ് ഐനാക് നൈറ്റ്സും അമോ ഷാര്‍ക്സും തമ്മിലുള്ള മത്സരത്തിലായിരുന്നു കൗതുക പോരാട്ടം.
കാബൂള്‍: അഫ്ഗാനിസഥാന്‍ ടി20 ലീഗായ ഷ്പഗീസ ക്രിക്കറ്റ് ലീഗില്‍(എസ്‌സിഎല്‍) അച്ഛൻ മുഹമ്മദ് നബിയെ സിക്സിന് തൂക്കി മകന്‍ ഹസ്സൻ ഐസഖിൽ. എസ്‌സിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മിസ് ഐനാക് നൈറ്റ്സും അമോ ഷാര്‍ക്സും തമ്മിലുള്ള മത്സരത്തിലായിരുന്നു കൗതുകരമായ അച്ഛൻ-മകന്‍ പോരാട്ടം കണ്ടത്.
അഫ്ഗാനിസ്ഥാന്‍റെ മുന്‍ നായകനും ഇതിഹാസ ഓള്‍ റൗണ്ടറുമായ 40-കാരന്‍ മുഹമ്മദ് നബിയുടെ 18കാരനായ മകന്‍ ഹസ്സൻ ഐസഖിൽ അച്ഛനോട് യാതൊരു ബഹുമാനവും കാട്ടാതെയാണ് ആദ്യ പന്ത് തന്നെ അതിര്‍വരക്ക് മുകളിലൂടെ പറത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അമോ ഷാര്‍ക്സിനായി ഓപ്പണറായാണ് ഐസഖിൽ ക്രീസിലെത്തിയത്. മത്സരത്തിന്‍റെ ഒമ്പതാം ഓവറിലാണ് ഐനാക് നൈറ്റ്സ് താരമായ നബി പന്തെറിയാനെത്തിയത്. നബിയെറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സിന് തൂക്കിയ ഐസഖിൽ അച്ഛനോട് എന്തോ പറയുന്നുണ്ടെങ്കിലും ഇരുവരുടെയും മുഖത്ത് പോരാട്ടച്ചൂട് വ്യക്തമായിരുന്നു. ആദ്യ ഓവറില്‍ 12 റണ്‍സ് വഴങ്ങിയ നബി മത്സരത്തില്‍ പിന്നീട് പന്തെറിയാനെത്തിയില്ല.
അതേസമയം, ഐസഖിലിന്‍റെ(36 പന്തില്‍ 52) അര്‍ധസെഞ്ചുറിയ്ക്ക് ടീമിനെ ജയത്തിലെത്തിക്കാനായില്ല. ഐസഖിലിന്‍റെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത അമോ ഷാര്‍ക്സ് 19.4 ഓവറില്‍ 162 റൺസെടുത്തെങ്കിലും മറുപടി ബാറ്റിംഗില്‍ 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഐനാക് നൈറ്റ്സ് ലക്ഷ്യത്തിലെത്തി. ഏഴാമനായി ക്രീസിലെത്തിയ മുഹമ്മദ് നബി ഒരു സിക്സ് പറത്തി ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 27 പന്തില്‍ 56 റണ്‍സെടുത്ത ഖാലിദ് തനിവാളും 21 പന്തില്‍ 49 റണ്‍സെടുത്ത വഫിയുള്ള താരാഖിലുമാണ് ഐനാക്ക് നൈറ്റിന്‍റെ വിജയം അനായാസമാക്കിയത്. ക്യാപ്റ്റന്‍ റഹ്മാനുള്ള ഗുര്‍ബാസ് 20 പന്തില്‍ 28 റണ്‍സെടുത്തു.


