ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര. സഞ്ജുവിനേക്കാൾ മികച്ച ഫോമിലുള്ള ഇഷാൻ കിഷന് അവസരം നൽകണമെന്ന് ചോപ്ര പറഞ്ഞു.

തിരുവനന്തപുരം: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ മലയാളി താരം സഞ്ജു സാംസണെതിരെ കടുത്ത വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര. ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20യിലെ സഞ്ജുവിന്‍റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ചോപ്രയുടെ വിവാദ പരാമർശം. 'ഇതോടെ സഞ്ജു സാംസണിന്‍റെ കഥ കഴിഞ്ഞു' എന്ന തലക്കെട്ടോടെ ആകാശ് ചോപ്ര പങ്കുവെച്ച വീഡിയോ ആരാധകര്‍ക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.

ലൈവ് കമന്‍ററിക്കിടയിലും പിന്നീട് തന്‍റെ എക്‌സ് ഹാൻഡിലിലൂടെയുമാണ് ആകാശ് ചോപ്ര സഞ്ജുവിനെതിരെ ആഞ്ഞടിച്ചത്. സഞ്ജുവിനേക്കാൾ മികച്ച ഫോമിലുള്ള ഇഷാൻ കിഷനെ പിന്തുണച്ചായിരുന്നു ചോപ്രയുടെ വാക്കുകൾ. 'സഞ്ജുവിന്‍റെ ഒരു നല്ല ദിവസത്തിനായി നമ്മൾ എത്രനാൾ കാത്തിരിക്കണം. അതോ ഇപ്പോൾ മികച്ച ഫോമിലുള്ള താരങ്ങളെ കളിപ്പിക്കുകയാണോ വേണ്ടത്? ഇഷാൻ കിഷന്‍റെ നല്ല കാലമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നീതിയുടെ പ്രശ്നമൊന്നുമില്ല, ഇത് ഇന്ത്യൻ ടീമിന്‍റെ കാര്യമാണ്. വ്യക്തികള്‍ക്കുപരിയാണ് ഇന്ത്യൻ ടീമെന്ന കാര്യം മറക്കരുതെന്നും ചോപ്ര തുറന്നടിച്ചു.

സഞ്ജു ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 46 റണ്‍സ് മാത്രമെ നേടിയുള്ളൂവെന്നത് മാത്രമല്ല, ആശങ്കപ്പെടുത്തുന്നത്. ബാക്ക് ഫൂട്ടില്‍ ക്രീസിനുള്ളിലേക്ക് ഇറങ്ങി ബാറ്റ് ചെയ്യുന്ന സഞ്ജുവിന്‍റെ രീതിയും പ്രശ്നമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആര്‍ച്ചറുടെ ബൗണ്‍സറുകള്‍ക്ക് മുമ്പില്‍ സഞ്ജു പതറിയത് നമ്മള്‍ കണ്ടതാണ്. ഈ പരമ്പരയിലാകട്ടെ അനാവശ്യമായി ക്രീസിനുള്ളിലേക്ക് ഇറങ്ങി ബാറ്റ് ചെയ്ത സഞ്ജു ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് കളിച്ചതെന്നും അതുകൊണ്ട് തന്നെ ഈ മാസം ഏഴിന് ലോകകപ്പില്‍ അമേരിക്കയെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജു ഇന്ത്യൻ ടീമിലുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും ആകാശ് ചോപ്ര തുറന്നടിച്ചു.

Scroll to load tweet…

സഞ്ജുവിനെ തിരിച്ചടിയാവുന്ന കണക്കുകള്‍

കഴിഞ്ഞ കുറച്ചു കാലമായി സഞ്ജുവിന്‍റെ ബാറ്റിംഗ് ഫോം നിരാശപ്പെടുത്തുന്നതാണ്. 2025 ജനുവരിക്ക് ശേഷം കളിച്ച 14 ടി20 ഇന്നിംഗ്‌സുകളിൽ 10 തവണയും പവർപ്ലേ അവസാനിക്കുന്നതിന് മുൻപ് സഞ്ജു പുറത്തായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ വെറും 9.2 ശരാശരിയിൽ 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. സഞ്ജു തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോൾ മറുവശത്ത് ഇഷാൻ കിഷൻ തകർപ്പൻ ഫോമിലാണ്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് മാത്രം 224 സ്ട്രൈക്ക് റേറ്റിൽ 112 റൺസാണ് കിഷൻ അടിച്ചുകൂട്ടിയത്. നാലാം മത്സരത്തില്‍ പരിക്കുമൂലം പുറത്തിരുന്ന ഇഷാന്‍ തിരുവവന്തപുരത്ത് നടന്ന അവസാന മത്സരത്തില്‍ തകര്‍പ്പൻ സെഞ്ചുറി നേടുകയും ചെയ്തു. 2026 ടി20 ലോകകപ്പിന് മുന്നോടിയായി ടീം മാനേജ്‌മെന്‍റ് സഞ്ജുവിനെ കൈവിട്ട് ഇഷാൻ കിഷനെ സ്ഥിരമായി ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക