തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ തിരുവനന്തപുരത്തെത്തി. തലസ്ഥാനത്തെത്തിയ ധവാന്‍റെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോവളത്തുള്ള ഇന്ത്യന്‍ താരം കടലിന് അഭിമുഖമായി നിന്ന് ഓടക്കുഴല്‍ വായിക്കുന്നതാണ് വീഡിയോയില്‍. 

വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആരാധകര്‍ ധവാനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും അദേഹം തന്നെയാണോ ഓടക്കുഴല്‍ വായിക്കുന്നത് എന്ന സംശയം പ്രകടിപ്പിക്കുന്നുണ്ട് ചിലര്‍. 

ഇന്ത്യ എയുടെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് ധവാനെ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരമായിട്ടാണ് ധവാന്‍ കളിക്കുക. മലയാളി താരം ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. മറ്റൊരു മലയാളി താരമായ സഞ്ജു സാംസണ്‍ ആണ് ഇന്ത്യയുടെ വിക്കറ്റ് കാക്കുക. ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര സ്വന്തമാക്കിയിട്ടുണ്ട് ഇന്ത്യ എ. 

അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം

ശ്രേയസ് അയ്യര്‍(നായകന്‍), ശുഭ്‌മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ശിഖര്‍ ധവാന്‍, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷാര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, ഇഷാന്‍ പോരെല്‍.