അമന്‍ജ്യോത് വിജയറൺ കുറിച്ചതിന് പിന്നാലെ ഗ്രൗണ്ടില്‍ മുട്ടുകുത്തി വിങ്ങിപ്പൊട്ടിയ ജെമീമ റോഡ്രിഗസിന് മുകളിൽ ഓടിയെത്തിയ ഇന്ത്യൻ താരങ്ങള്‍ ആവേശക്കൊടുമുടി തീര്‍ത്തു.

നവിമുംബൈ: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ വിജയനിമിഷത്തില്‍ ആവേശത്തില്‍ മതിമറന്ന് ഇന്ത്യൻ താരങ്ങള്‍. അമന്‍ജ്യേത് കൗറിന്‍റെ വിജയറണ്‍ പിറന്നപ്പോള്‍ ഡഗ് ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ആവേശത്തോടെ ഓടിയെത്തിയവരില്‍ സൂപ്പര്‍താരം സ്മൃതി മന്ദാന മുതല്‍ ഇന്ത്യൻ പരിശീലകന്‍ അമോല്‍ മജൂംദാര്‍ വരെയുണ്ടായിരുന്നു.

അമന്‍ജ്യോത് വിജയറൺ കുറിച്ചതിന് പിന്നാലെ ഗ്രൗണ്ടില്‍ മുട്ടുകുത്തി വിങ്ങിപ്പൊട്ടിയ ജെമീമ റോഡ്രിഗസിന് മുകളിൽ ഓടിയെത്തിയ ഇന്ത്യൻ താരങ്ങള്‍ ആവേശക്കൊടുമുടി തീര്‍ത്തു. സ്മൃതിയും അമോല്‍ മജൂംദാറും ഇന്ത്യൻ താരങ്ങളുമെല്ലാം ജെമീമയെ വാരിപ്പുണര്‍ന്നു. സഹതാരങ്ങളുടെ ആലിംഗനത്തിലും ജെമീമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകകയായിരുന്നു. പിന്നീട് ആരാധകര്‍ക്ക് ഫ്ലയിംഗ് കിസ് നല്‍കി ഡഗ് ഔട്ടിലേക്ക് നടന്ന ജെമീമയെ ഓടിയെത്തി വാരിപ്പുണര്‍ന്നത് ക്യാപ്റ്റൻ ഹര്‍മന്‍പ്രീതായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഹര്‍മനൊപ്പം ജെമീമ പടുത്തുയര്‍ത്തിയ 167 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു. ഒടുവില്‍ കളിയിലെ താരമായി ജെമീമയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ മുഴങ്ങിയ ജെമീമ വിളികൾക്കൊപ്പം ചേര്‍ന്ന് ഇന്ത്യൻ താരങ്ങള്‍. ആവേശത്തോടെ ആ പേര് ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെട്ട് സ്മൃതി മന്ദാന. കണ്ണീരോടെ പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്കാരം സ്വീകരിച്ചശേഷം ജെമി..ജെമി എന്ന് ആവേശത്തോടെ ആര്‍ത്തുവിളിച്ച ഇന്ത്യൻ താരങ്ങള്‍ക്കുനേരെ ചിരിയോടെ നടന്നടുത്ത ജെമീമ. പിന്നാലെ ആരാധകര്‍ക്കുനേരെ തിരിഞ്ഞ് ജെമീമമയുടെ ഗിറ്റാര്‍ സെലിബ്രേഷന്‍.

വനിതാ ലോകകപ്പ് സെമിയില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാമത്തെ ഫൈനലിന് യോഗ്യത നേടിയത്. 2017ലാണ് ഇതിന് മുമ്പ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്.അന്ന് ഫൈനലില്‍ വിജയത്തിന് അടുത്തെത്തി ഇംഗ്ലണ്ടിനോട് തോറ്റു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.