ഓസീസ് ഇന്നിംഗ്‌സില്‍ ക്രിസ് വോക്‌സ് എറിഞ്ഞ 74-ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം
ഓവല്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ വിവാദത്തീയായി സ്റ്റീവ് സ്‌മിത്തിന്‍റെ റണ്ണൗട്ട് നിഷേധം. ഓസീസിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സിന്‍റെ പന്തില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ ജോര്‍ദ് ഈല്‍ഹാമിന്‍റെ തകര്‍പ്പന്‍ ത്രോയില്‍ സ്റ്റീവ് സ്‌മിത്ത് റണ്ണൗട്ടായോ ഇല്ലയോ എന്ന മൂന്നാം അംപയറുടെ പരിശോധനയാണ് വലിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
ഓസീസ് ഇന്നിംഗ്‌സില്‍ ക്രിസ് വോക്‌സ് എറിഞ്ഞ 74-ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. വോക്‌സിനെ ലെഗ് സൈഡിലേക്ക് തട്ടിയിട്ട് സ്റ്റീവ് സ്‌മിത്ത് രണ്ട് ഓടിയപ്പോള്‍ സ്റ്റംപിളക്കുകയായിരുന്നു ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയ്‌ര്‍സ്റ്റോ. ബെയ്‌ര്‍സ്റ്റോ ബെയ്‌ല്‍സ് ഇളക്കും മുമ്പ് ക്രീസിലെത്താന്‍ അവിശ്വസനീയ പറക്കലാണ് സ്‌മിത്ത് നടത്തിയത്. വ്യക്തിഗത സ്കോര്‍ നാല്‍പതുകളില്‍ നില്‍ക്കുകയായിരുന്നു ഈസമയം സ്‌മിത്ത്. റണ്ണൗട്ടാണോ അല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഫീല്‍ഡ് അംപയര്‍മാര്‍ മൂന്നാം അംപയറുടെ സഹായം തേടി. ഇതിനിടെ വിക്കറ്റാണിത് എന്നുറപ്പിച്ച് സ്‌മിത്ത് ഡ്രസിംഗ് റൂമിലേക്ക് നടത്തം തുടങ്ങുകയും ഇംഗ്ലീഷ് താരങ്ങള്‍ വിക്കറ്റാഘോഷം തുടങ്ങുകയും ചെയ്‌തു.
എന്നാല്‍ മൂന്നാം അംപയര്‍ നിതിന്‍ മേനന്‍ ഇത് ഏറെ നേരം പരിശോധിച്ച ശേഷം വിക്കറ്റല്ല എന്ന് വിധിക്കുകയായിരുന്നു. ഇതോടെ സ്റ്റീവ് സ്‌മിത്തിന് ശ്വാസം വീണപ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. ഇംഗ്ലീഷ് കാണികള്‍ അംപയറുടെ തീരുമാനത്തെ കൂവിയാണ് വരവേറ്റത്. പിന്നാലെ സ്‌മിത്ത് ഫിഫ്റ്റി പൂര്‍ത്തിയാക്കുകയും ചെയ്‌തു. സ്‌മിത്തിന്‍റെ റണ്ണൗട്ട് അനുവദിക്കാതിരുന്നതിനെ ചൊല്ലി വലിയ ചര്‍ച്ചയാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്.
മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ റണ്‍സ് പിന്തുടരുന്ന ഓസീസ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 88 ഓവറില്‍ 232-7 എന്ന നിലയിലാണ്. അര്‍ധസെഞ്ചുറി പിന്നിട്ട സ്റ്റീവ് സ്‌മിത്തിനൊപ്പം(65*), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ്(21*) ക്രീസില്‍. ഒരു വിക്കറ്റിന് 61 റൺസ് എന്ന നിലയില്‍ രണ്ടാം ദിനം ഓസീസ് ബാറ്റിംഗ് പുനരാരംഭിച്ചത്. ഉസ്‌മാന്‍ ഖവാജ(47), മാര്‍നസ് ലബുഷെയ്‌ന്‍(9), ട്രാവിസ് ഹെഡ്(4), മിച്ചല്‍ മാര്‍ഷ്(16), അലക്‌സ് ക്യാരി(10), മിച്ചല്‍ സ്റ്റാര്‍ക്ക്(7) എന്നിവരാണ് ഇന്ന് പുറത്തായത്. സ്റ്റുവര്‍ട്ട് ബ്രോഡും മാര്‍ക്ക് വുഡും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സണും ക്രിസ് വോക്‌സിനും ജോ റൂട്ടിനും ഓരോ വിക്കറ്റുണ്ട്.
