ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്സും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും വഴി മത്സരം തല്‍സമയം ഇന്ത്യയില്‍ കാണാം.
കേപ്ടൗണ്‍: ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിര്‍ണായകമായ രണ്ടാം ടെസ്റ്റിനിറങ്ങുകയാണ് ഇന്ത്യ. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ന് ജയിച്ചാല്‍ മാത്രമെ ടീമിന് പരമ്പരയില്‍ ഒപ്പമെത്താന്‍ സാധിക്കൂ. ആദ്യ മത്സരത്തില്‍ കെ എല്‍ രാഹുല്‍, വിരാട് കോലി, ജസ്പ്രിത് ബുമ്ര എന്നിവരൊഴികെ മറ്റാര്‍ക്കും ഫോമിലെത്താന്‍ സാധിച്ചിരുന്നില്ല. ശേഷിക്കുന്ന താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ ഇന്ത്യക്ക് മുന്നോട്ട് പോവാന്‍ കഴിയൂ.
ഇന്നലെ കഠിന പരിശീലനത്തിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. പരിശീലനത്തിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പേസര്‍ ജസ്പ്രിത് ബുമ്ര, സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ അനുകരിക്കുന്നതാണ് വീഡിയോയില്‍. അശ്വിന്റെ മുന്നില്‍ വച്ചാണ് ബുമ്ര ഇത് ചെയ്യുന്നതും. കണ്ട് നില്‍ക്കുന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇത് രസിക്കുന്നുമുണ്ട്. വീഡിയോ കാണാം...
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്സും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും വഴി മത്സരം തല്‍സമയം ഇന്ത്യയില്‍ കാണാം. പരിക്കേറ്റ തെംബ ബാവുമായ്ക്ക് പകരം ടീമിനെ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ താരം ഡീന്‍ എല്‍ഗാറിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നില്ല.
ഇന്ത്യന്‍ ടീമിലും മാറ്റമുണ്ടാവും. അശ്വിന് പകരം പരിക്കില്‍ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ ടീമിലെത്തുമെന്ന് ഉറപ്പ്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറും പരിഗണനയില്‍. എന്നാല്‍ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ പ്രസിദ്ധിനെ ഒഴിവാക്കരുത് എന്ന ആവശ്യം ശക്തമാണ്. ബാവുമയ്ക്ക് പകരം സുബൈര്‍ ഹംസയും കോയെറ്റ്‌സീക്ക് പകരം കേശവ് മഹാരാജും ദക്ഷിണാഫ്രിക്കന്‍ നിരയിലെത്തിയേക്കും.
കേപ്ടൗണില്‍ പേസര്‍മാരെ തുണയ്ക്കുന്ന വിക്കറ്റായതിനാല്‍ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ ചെറുത്തുനില്‍പിനെ ആശ്രയിച്ചായിരിക്കും ടെസ്റ്റിന്റെ ഗതി.
