വിവാഹ ചടങ്ങിനിടെ സഹതാരം രവീന്ദ്ര ജഡേജയുടെയും ഭാര്യ റിവാബയുടെയും പാദങ്ങള്‍ തൊട്ട് വന്ദിക്കുന്ന കുല്‍ദീപിന്റെ വീഡിയോ വൈറലായി. 

ലക്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വസ്തനായ സ്പിന്നര്‍ കുല്‍ദീപ് യാദവ് തന്റെ ബാല്യകാല സുഹൃത്തായ വന്‍ഷിക ഛദ്ദയെ കഴിഞ്ഞ ദിവസം വിവാഹം ചെയ്തിരുന്നു. മാര്‍ച്ച് 14-ന് ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ഇന്ത്യയുടെ 2026 ടി20 ലോകകപ്പ് കിരീടനേട്ടത്തിന് തൊട്ടുപിന്നാലെ എത്തിയ ഈ വിവാഹം ക്രിക്കറ്റ് ലോകത്തിന് ഇരട്ടി മധുരമായി. കാണ്‍പൂരിലെ അയല്‍വാസികളായിരുന്നു കുല്‍ദീപും വന്‍ഷികയും. വെറും മൂന്ന് കിലോമീറ്റര്‍ മാത്രം അകലെ താമസിച്ചിരുന്ന ഇവര്‍ കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു.

കുല്‍ദീപിന്റെ കരിയറിന്റെ തുടക്കം മുതല്‍ വലിയ പിന്തുണയുമായി കൂടെയുണ്ടായിരുന്ന വന്‍ഷിക എല്‍ഐസിയില്‍ ഉദ്യോഗസ്ഥയാണ്. മെല്‍ബണില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ വന്‍ഷിക ലളിതമായ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹത്തിന് ക്രിക്കറ്റില്‍ നിന്നുള്ള നിരവധി പേര്‍ എത്തിയിരുന്നു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജഡേജയുടെയും ഭാര്യ റിവാബയുടെയും പാദങ്ങള്‍ തൊട്ട് കുല്‍ദീപ് വന്ദിച്ചത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. മുതിര്‍ന്ന താരങ്ങളോടുള്ള കുല്‍ദീപിന്റെ ബഹുമാനം സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസിക്കപ്പെടുന്നു. വീഡിയോ...

Scroll to load tweet…

വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ മാര്‍ച്ച് 13-ന് നടന്നു. കുല്‍ദീപിന്റെ ഉറ്റസുഹൃത്തായ യുസ്വേന്ദ്ര ചഹല്‍ ചടങ്ങുകളില്‍ ആവേശമായി നിറഞ്ഞുനിന്നു. ചഹല്‍ പങ്കുവെച്ച ഹല്‍ദി വീഡിയോകള്‍ ഇതിനോടകം വൈറലാണ്. പ്രശസ്ത സൂഫി ഗായകന്‍ ബിസ്മിലിന്റെ സംഗീതനിശയും വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. റിങ്കു സിംഗ്, കോച്ച് ടി ദിലീപ് തുടങ്ങിയവരും മസൂറിയിലെ ചടങ്ങുകളില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി ദമ്പതികളെ അനുഗ്രഹിച്ചു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, എം.എസ് ധോണി തുടങ്ങിയ പ്രമുഖര്‍ എത്തിയതോടെ ചടങ്ങ് താരനിബിഡമായി.

17 ടെസ്റ്റുകളില്‍ നിന്ന് 76 വിക്കറ്റുകളും 120 ഏകദിനങ്ങളില്‍ നിന്ന് 194 വിക്കറ്റുകളും 54 ടി20 മത്സരങ്ങളില്‍ നിന്ന് 95 വിക്കറ്റുകളും കുല്‍ദീപ് നേടിയിട്ടുണ്ട്. 2024, 2026 വര്‍ഷങ്ങളിലെ ടി20 ലോകകപ്പ് വിജയങ്ങളിലും 2025-ലെ ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിലും കുല്‍ദീപ് നിര്‍ണ്ണായക പങ്കുവഹിച്ചു.

YouTube video player