Asianet News MalayalamAsianet News Malayalam

യോര്‍ക്കറകളുടെ പെരുമഴ, കാണുന്നത് തന്നെ മനോഹരം! ഹാട്രിക് പ്രകടനവുമായി ഓസീസ് പേസര്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഹാട്രിക്കാണ് മത്സരത്തിലെ സവിശേഷത്ത്. ആദ്യ ഓവറിലെ അവസാന രണ്ട് പന്തില്‍ വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക് തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് നേടി.

watch video mitchell starc picks hat trick against netherlands  in warm up saa
Author
First Published Sep 30, 2023, 11:18 PM IST

തിരുവനന്തപുരം: കടുത്ത മഴയെ തുടര്‍ന്ന് ഓസ്‌ട്രേലിയ - നെതര്‍ലന്‍ഡ്‌സ് ഏകദിന ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഴയെ തുടര്‍ന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. അതുകൊണ്ടുതന്നെ 23 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സ് 14.2 ഓവറില്‍ ആറിന് 84 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം റദ്ദാക്കി. 

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഹാട്രിക്കാണ് മത്സരത്തിലെ സവിശേഷത്ത്. ആദ്യ ഓവറിലെ അവസാന രണ്ട് പന്തില്‍ വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ക്ക് തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിലും വിക്കറ്റ് നേടി. മാക്‌സ് ഒഡൗഡ് (0), വെസ്ലി ബരേസി (0), ബാസ് ഡി ലീഡെ (0) എന്നിവരെയാണ് സ്റ്റാര്‍ക്ക് മടക്കിയത്. വീഡിയോ കാണാം. 

31 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്ന കോളിന് അക്കര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ലഗോന്‍ വാന്‍ ബീക് (9) അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നു. വിക്രംജിക് സിംഗ് (9), സിബ്രാന്‍ഡ് എങ്കല്‍ബ്രഷ് (9), സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മിച്ചല്‍ മാര്‍ഷ്, സീന്‍ അബോട്ട്, മര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് സ്റ്റീവ് സ്മിത്തിന്റെ (55) ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കാമറൂണ്‍ ഗ്രീന്‍ (34), അലക്‌സ് ക്യാരി (28) എന്നിവരും തിളങ്ങി. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്, വാന്‍ ഡെര്‍ മെര്‍വെ, ബാസ് ഡീ ലീഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്മിത്ത് - ജോഷ് ഇന്‍ഗ്ലിസ് (0) സഖ്യമാണ് ഓസീസിന് വേണ്ടി ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ തന്നെ ഇന്‍ഗ്ലിസ് മടങ്ങി. മൂന്നാമനായി ക്യാരി ക്രീസിലേക്ക്. മൂന്നാം വിക്കറ്റില്‍ ക്യാരി - സ്മിത്ത് സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ ക്യാരിയെ വാന്‍ ഡെര്‍ മെര്‍വെ ബൗള്‍ഡാക്കി. നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ (5) നിരാശപ്പെടുത്തി.  തുടര്‍ന്ന് ഗ്രീന്‍ - സ്മിത്ത് സഖ്യം തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഗ്രീനിനൊപ്പം 35 റണ്‍സ് ചേര്‍ത്ത ശേഷം സ്മിത്ത് മടങ്ങി. വൈകാതെ ഗ്രീനും. 26 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടി. പാറ്റ് കമ്മിന്‍സ് (1), മാത്യൂ ഷോര്‍ട്ട് (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ (22 പന്തില്‍ പുറത്താവാതെ 24) ഇന്നിംഗ്‌സ് ഓസീസിന് നിര്‍ണായകമായി. മര്‍നസ് ലബുഷെയ്ന്‍ (3) പുറത്താവാതെ നിന്നു. 

അതേസമയം, ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് സന്നാഹമത്സരം കടുത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഗുവാഹത്തിയില്‍ നടക്കേണ്ട മത്സരത്തിന് ടോസിട്ടിരുന്നു. എന്നാല്‍ കനത്ത മഴയെത്തിയതോടെ മത്സരം ഉപേക്ഷിച്ചു. ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് ഒരോവര്‍ പോലും എറിയാന്‍ സാധിച്ചില്ല. കന്നത്ത ചൂടില്‍ ബൗളര്‍മാര്‍ എറിഞ്ഞു തളരാതിരിക്കാനാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ എട്ടിന് ലോകകപ്പില്‍ ഓസ്ട്രേലിയയെ നേരിടുന്നതിന് മുമ്പ് ഇന്ത്യ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തും. ചൊവ്വാഴ്ച്ച നെതര്‍ലന്‍ഡ്സിനെയാണ് ഇന്ത്യ നേരിടുക.

ഹോക്കി, സ്‌ക്വാഷ്, ഫുട്‌ബോള്‍.. ഇന്ത്യക്ക് മുന്നില്‍ നനഞ്ഞ പടക്കമായി പാകിസ്ഥാന്‍! ഇനി ക്രിക്കറ്റെന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios