ഡല്‍ഹി ക്യാപിറ്റല്‍സിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയും നായകന്‍ റിഷഭ് പന്തും മൈതാനത്ത് നടത്തിയ സംഭാഷണം ചര്‍ച്ചയാകുന്നു.
ലഖ്‌നൗ: ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയും നായകന്‍ റിഷഭ് പന്തും തമ്മില്‍ മൈതാനത്ത് നടത്തിയ സംഭാഷണം ചര്‍ച്ചയാകുന്നു. ടീം ഹെഡ് കോച്ച് ജസ്റ്റിന്‍ ലാംഗറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്വന്തം തട്ടകമായ ഏകന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് 141 റണ്‍സ് മാത്രമാണ് നേടാനായത്.
പന്ത് (7), എയ്ഡന്‍ മാര്‍ക്രം (11), നിക്കോളാസ് പൂരന്‍ (8) തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗില്‍ സമീര്‍ റിസ്വിയുടെ (70*) മികച്ച പ്രകടനത്തിന്റെ കരുത്തില്‍ 2.5 ഓവര്‍ ബാക്കിനില്‍ക്കെ ഡല്‍ഹി ലക്ഷ്യം കണ്ടു. മത്സരശേഷം സഞ്ജീവ് ഗോയങ്കയും പന്തും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭാഷണത്തിന്റെ ഓഡിയോ ലഭ്യമല്ലെങ്കിലും, ഗോയങ്ക അല്പം ഗൗരവത്തോടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
2024-ല്‍ അന്നത്തെ നായകന്‍ കെ എല്‍ രാഹുലിനോട് ഗോയങ്ക മൈതാനത്ത് വെച്ച് സമാനമായ രീതിയില്‍ സംസാരിച്ചത് വലിയ വിവാദമായിരുന്നു. ആ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ബുധനാഴ്ചത്തെ ദൃശ്യങ്ങളെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, മത്സരശേഷം എക്‌സിലൂടെ ഗോയങ്ക പോസിറ്റീവായ പ്രതികരണമാണ് നടത്തിയത്. ''ഇതൊരു നീണ്ട സീസണാണ്, ഇത്തരം നിമിഷങ്ങള്‍ ഒരു ടീമിനെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാണ്. ക്യാപ്റ്റനിലും ടീമിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങള്‍ ശക്തമായി തിരിച്ചുവരും.'' അദ്ദേഹം കുറിച്ചു.
റിഷഭ് പന്ത് ആശയക്കുഴപ്പത്തില്‍
അപ്രതീക്ഷിതമായി ഈ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പന്ത് തന്റെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് ഇനിയും തീരുമാനമെടുത്തിട്ടില്ല. വെറും 7 റണ്‍സെടുത്ത് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടായ പന്ത്, വരും മത്സരങ്ങളില്‍ ഓപ്പണറായി തുടരുമോ എന്ന ചോദ്യത്തിന് 'അതൊരു 50-50 കോള്‍ ആണ്' എന്നാണ് മറുപടി നല്‍കിയത്. എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് സഖ്യത്തെ ഓപ്പണിംഗില്‍ പരീക്ഷിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് നായകന്‍ മനസ് തുറന്നത്.

