ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലെ വിജയത്തിന് ശേഷം സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 47.5 ഓവറില്‍ 270 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 39.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 121 പന്തില്‍ 116 റണ്‍സുമായി പുറത്താവാതെ നിന്ന യശസ്വി ജയ്‌സ്വാളാണ് ഇന്ത്യക്ക് അനായാസം വിജയം നല്‍കാന്‍ സഹായിച്ചത്. രോഹിത് ശര്‍മ (73 പന്തില്‍ 75) ഓപ്പണിംഗ് വിക്കറ്റില്‍ വലിയ പിന്തുണ നല്‍കി. 45 പന്തില്‍ 65 റണ്‍സുമായി വിരാട് കോലി പുറത്താവാതെ നിന്നു.
മത്സരത്തിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത് ജയ്‌സ്വാളാണ്. രണ്ട് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. മത്സരത്തിന് ശേഷം പരമ്പര നേട്ടവും ജയ്‌സ്വാളിന്റെ സെഞ്ചുറിയും കേക്ക് മുറിച്ച് ആഘോഷിച്ചു. സെഞ്ചുറി നേടിയ ജയ്‌സ്വാളാണ് കേക്ക് മുറിച്ചത്. കേക്ക് മുറിച്ച് വിതരണം ചെയ്യുന്നതിനിടെ ഒരു രസകരമായ സംഭവം നടന്നു. ജയ്‌സ്വാള്‍ ആദ്യം കേക്ക് നല്‍കിയത് തന്റെ തൊട്ടടുത്തുണ്ടായിരുന്ന കോലിക്കാണ്. അദ്ദേഹം ചെറിയ കഷ്ണം എടുക്കുകയു ചെയ്തു. പിന്നീട് രോഹിത്തിന് നേരെ നീട്ടി. കോലി, കേക്ക് കഴിക്കാന്‍ രോഹിത്തിനോട് ആവശ്യപ്പെടുന്നു. 'ഇല്ല, ഞാന്‍ വണ്ണം വെക്കും.' എന്നുപറഞ്ഞുകൊണ്ട് രോഹിത് നടന്നുനീങ്ങുകയാണ് ചെയ്തത്. ജയ്‌സ്വാളിന്റെ കൈ തട്ടിമാറ്റാനും ശ്രമിക്കുന്നുണ്ട്. വീഡിയോ കാണാം…
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നല്ല തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ് 47.5 ഓവറില്‍ 267 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 89 പന്തില്‍ 106 റണ്‍സടിച്ച ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ടെംബാ ബാവുമ 48 റണ്‍സടിച്ചപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് 29ഉം മാത്യു ബ്രെറ്റ്‌സ്‌കി 24ഉം റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.

