ധോണിക്ക് മാത്രമല്ല, കിംഗ് കോലിക്കും ചെപ്പോക്കില്‍ ഏറെ ആരാധകരുണ്ട്
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സ് എന്നാല്‍ എം എസ് ധോണിയാണ്. സിഎസ്കെ എന്ന ബ്രാന്‍ഡിനൊപ്പം ധോണിയെന്ന പേര് ചേരുമ്പോഴേ ആ ടീം പൂർണമാകൂ. അതിനാല്‍ 'തല' എന്നാണ് സിഎസ്കെ ആരാധകർ എംഎസ്‍ഡിയെ വിളിക്കുന്നത്. മത്സരമല്ല, ധോണിയുടെ പരിശീലനം കാണാന്‍ തന്നെ ആയിരങ്ങള്‍ സ്റ്റേഡിയത്തിലെത്തുന്നത് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലെ പതിവ് കാഴ്ചയാണ്. എന്നാല്‍ ധോണിക്ക് മാത്രമല്ല, കിംഗ് കോലിക്കും ചെപ്പോക്കില്‍ ഏറെ ആരാധകരുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങളുടെ പേരാണ് എം എസ് ധോണി, വിരാട് കോലി. ടീം ഇന്ത്യക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ രണ്ട് താരങ്ങള്‍. ഹോം മൈതാനിയായ ചെപ്പോക്കില്‍ എം എസ് ധോണി ഇറങ്ങുമ്പോഴൊക്കെ ആർത്തുവിളിക്കുന്ന ആരാധകരെ നാം കാണാറുണ്ട്. മറ്റൊരു സ്റ്റേഡിയത്തിലും നിലവില്‍ വേറൊരു താരത്തിന് വേണ്ടി ഇത്രയധികം ആർപ്പുവിളി കേള്‍ക്കാന്‍ സാധ്യതയില്ല. അങ്ങനെയുള്ള ചെന്നൈയുടെ കോട്ടയായ ചെപ്പോക്കില്‍ വിരാട് കോലിക്ക് ആരാധകരുടെ കാതടപ്പിക്കുന്ന ചാന്‍റ് ലഭിച്ചതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഐപിഎല്‍ പതിനേഴാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ സിഎസ്കെ നേരിടുമ്പോഴായിരുന്നു സംഭവം.
ബൗണ്ടറിലൈനിനരികില്‍ വിരാട് കോലി ഫീല്‍ഡ് ചെയ്യാനെത്തിയപ്പോഴാണ് ആരാധകർ 'കോലി, കോലി' ചാന്‍റ് മുഴക്കിയത്. ഇത്രയേറെ സ്നേഹം മുഴങ്ങിക്കേള്‍ക്കുമ്പോള്‍ കോലിക്ക് എങ്ങനെ അതിനെ അവഗണിക്കാനാകും. ആരാധകരെ കൈയുയർത്തി അഭിവാദ്യം ചെയ്താണ് ചെപ്പോക്കിലെ സ്നേഹത്തിന് വിരാട് കോലി നന്ദി പറഞ്ഞത്. സാധാരണയായി ചെപ്പോക്കില്‍ സിഎസ്കെ താരങ്ങള്‍ക്ക് മാത്രം ഏറെ കയ്യടി ലഭിക്കുന്ന സ്ഥാനത്താണ് ഇത്തവണ കോലിയെ ആരാധകർ വാക്കുകളാല്‍ പൊതിഞ്ഞത്.
