കുറഞ്ഞകാലം കൊണ്ടുതന്നെ ബാഴ്സയില്‍ മെസിയുടെ പിൻഗാമിയെന്ന വിശേഷണം സ്വന്തമാക്കിയ ലാമിൻ യമാൽ കഴിഞ്ഞ ഞായറാഴ്ചയാണ് പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്.
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സി ഇനി യുവതാരം ലാമിൻ യമാലിന്. അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി ബാള്സയില്‍ അനശ്വരമാക്കിയ പത്താം നമ്പർ ജഴ്സി ക്ലബ് പ്രസിഡന്‍റ് യുവാൻ ലപ്പോർട്ടയാണ് കൗമാരതാരം ലാമിൻ യമാലിന് കൈമാറി. 2008 മുതൽ 2021 വരെ മെസിയായിരുന്നു ബാഴ്സയിൽ പത്താം നമ്പർ ജഴ്സിയുടെ അവകാശിയായത്.
മെസി ബാഴ്സ വിട്ടപ്പോൾ അൻസു ഫാറ്റിയാണ് പത്താം നമ്പർ ജേഴ്സിയിൽ കളിച്ചത്. എന്നാല്‍ പരിക്കുമൂലം പല മത്സരങ്ങളും നഷ്ടമായ ഫാറ്റി അടുത്തിടെ വായ്പയില്‍ മൊണോക്കോയിലേക്ക് മാറിയതോടെയാണ് പത്താം നമ്പർ യമാലിന് സ്വന്തമായത്. കുറഞ്ഞകാലം കൊണ്ടുതന്നെ ബാഴ്സയില്‍ മെസിയുടെ പിൻഗാമിയെന്ന വിശേഷണം സ്വന്തമാക്കിയ ലാമിൻ യമാൽ കഴിഞ്ഞ ഞായറാഴ്ചയാണ് പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്. ലാമിൻ യമാൽ കഴിഞ്ഞ മാസം ബാഴ്സയുമായുളള കരാർ 2031 വരെ നീട്ടിയിരുന്നു.
മെസി തന്‍റേതായ വഴി കണ്ടെത്തിയ താരമാണെന്നും പത്താം നമ്പര്‍ കുപ്പായത്തില്‍ താനും സ്വന്തം വഴി കണ്ടെത്തുമെന്നും ജേഴ്സി സ്വീകരിച്ചശേഷം യമാല്‍ പറഞ്ഞു. ബാഴ്സ ആരാധകരെ സന്തോഷിപ്പിക്കാന്‍ തനിക്കാവുന്നതെല്ലാം ചെയ്യുമെന്നും യമാല്‍ പറഞ്ഞു. ബാഴ്സക്കൊപ്പം ചാമ്പ്യൻസ് ലീഗും സ്പെയിനിനൊപ്പം ലോകകപ്പും നേടുകയാണ് തന്‍റെ സ്വപ്നമെന്നും യമാല്‍ പറഞ്ഞു.
മെസിയെപ്പോലെ ബാഴ്സയുടെ ലാ മാസി അക്കാദമിയില്‍ നിന്ന് കളിച്ചു വളര്‍ന്ന യമാല്‍ കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗ്, സൂപ്പര്‍ കപ്പ്, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ ബാഴ്സക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2023ല്‍ പതിനഞ്ചാം വയസില്‍ ബാഴ്സ കുപ്പായത്തില്‍ അരങ്ങേറിയപ്പോൾ 41-ാം നമ്പര്‍ ജേഴ്സിയായിരുന്നു യമാല്‍ ആദ്യം ധരിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ 27-ാം നമ്പര്‍ ജേഴ്സി ധരിച്ച് തുടങ്ങിയ താരം പിന്നീട് മെസിയുടെ തുടക്കകാലത്തെ 19-ാം നമ്പര്‍ ജേഴ്സിയിലേക്കും മാറിയിരുന്നു.
അടുത്ത സീസണ്‍ മുതലാണ് പത്താം നമ്പര്‍ ജേഴ്സിയിലേക്ക് മാറുക. അതിനിടെ യമാലിന്‍റെ പിറന്നാളാഘോഷത്തിന് ശാരീരിക വളര്‍ച്ചയില്ലാത്തവരെ പ്രദര്‍ശനവസ്തുക്കളായി അവതരിപ്പിച്ചതിനെതിരെ യുവാതരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.


