മെസിയെത്തിയപ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ അവന് അസൂയായി. അതിനുശേഷം അവന്‍ എന്നോട് കാര്യങ്ങള്‍ ഒന്നും തുറന്നു പറയാതെയായി.

സാവോപോളോ: പി എസ് ജിയില്‍ ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമായി തനിക്കുള്ള ബന്ധം ഊഷ്മളമായിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് ബ്രസീലിയന്‍ താരം നെയ്മര്‍. പി എസ് ജിയില്‍ മെസി എത്തുന്നതുവരെ എംബാപ്പെയുമായി നല്ല ബന്ധമായിരുന്നെങ്കിലും മെസി എത്തിയതോടെയാണ് അത് മോശമായതെന്ന് നെയ്മര്‍ മുന്‍ ബ്രസീലിയന്‍ താരം റൊമാരിയോയുടെ പോഡ്കാസ്റ്റില്‍ പറ‍ഞ്ഞു.

2017ലാണ് ബാഴ്സലോണയില്‍ നിന്ന് നെയ്മര്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് പി എസ് ജിയിലെത്തിയത്. 2021ലായിരുന്നു മെസി ബാഴ്സലോണ വിട്ട് പി എസ് ജിയില്‍ ചേരുന്നത്. പിന്നീട് 2023ല്‍ പി എസ് ജി വിട്ട മെസി യുഎസ് മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്‍റര്‍ മയാമിയിലേക്ക് പോയപ്പോള്‍ നെയ്മര്‍ സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാലിൽ ചേര്‍ന്നിരുന്നു. കഴിഞ്ഞ സീസണില്‍ പി എസ് ജി വിട്ട എംബാപ്പെയാകട്ടെ റയല്‍ മാഡ്രിഡിലുമെത്തി.

അത് ചെയ്തത് സര്‍ഫറാസ് ഖാനാണെങ്കില്‍...ഗംഭീറിന്‍റെ ആരോപണത്തില്‍ പ്രതികരിച്ച് ഹര്‍ഭജന്‍ സിംഗ്

പി എസ് ജിയില്‍ ചേര്‍ന്ന സമയത്ത് എംബാപ്പെയുമായി തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നെയ്മര്‍ വെളിപ്പെടുത്തി. പക്ഷെ അന്ന് അവന്‍ ചെറിയ പയ്യനായിരുന്നു. കരിയര്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. അതിന്‍റേതായ പ്രശ്നങ്ങളായിരുന്നു അതൊക്കെ. പിന്നീട് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഞങ്ങള്‍ സൗഹൃദത്തിലായി. നീ ലോകത്തിലെ ഏറ്റവും മികച്ച താരമാകുമെന്നും അതിന് നിന്നെ സഹായിക്കാമെന്നുപോലും ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനുമായി തമാശകള്‍ പങ്കിടുമായിരുന്നു. എന്‍റെ വീട്ടിലേക്ക് അവന്‍ വരികയും ഞങ്ങള്‍ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുകയുമെല്ലാം ചെയ്തിരുന്നു.

എന്നാല്‍ 2021ല്‍ മെസി പി എസ് ജിയിലെത്തിയതോടെ അവന്‍റെ സ്വഭാവം മാറി തുടങ്ങി. ഞാനും മെസിയും തമ്മില്‍ ബാഴ്സ കാലം മുതലെ അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ മെസിയെത്തിയപ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ അവന് അസൂയായി. അതിനുശേഷം അവന്‍ എന്നോട് കാര്യങ്ങള്‍ ഒന്നും തുറന്നു പറയാതെയായി. അതിനുശേഷമാണ് ഞങ്ങള്‍ തമ്മിലുള്ള അടി തുടങ്ങിയത്. ഞാനും മെസിയും എംബാപ്പെയും ഉണ്ടായിട്ടും പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാകാത്തതിന് കാരണം ഞങ്ങള്‍ക്കിടയിലെ ഈ ഭിന്നതയായിരുന്നു.

അഭിഷേക് നായരുടെ സ്ഥാനം തുലാസില്‍, ഇന്ത്യൻ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ പ്രഖ്യാപിച്ച് ബിസിസിഐ

നിങ്ങള്‍ക്ക് ഒരിക്കലും ഗ്രൗണ്ടില്‍ ഒറ്റക്ക് പന്ത് പാസ് ചെയ്തു കൊണ്ടുപോയി ഗോളടിക്കാനാവില്ല. ഞാനാണ് ഏറ്റവും മികച്ചവനെന്നൊക്കെ കരുതാം. പക്ഷെ അപ്പോഴും ഗോളടിക്കാന്‍ ആരെങ്കിലും പന്ത് പാസ് ചെയ്തു തരണമല്ലോ. അതിന് മറ്റ് താരങ്ങളും ടീമില്‍ വേണം. എല്ലാവരുടെയും ഈഗോ ആണ് പി എസ് ജിക്ക് വലിയ നേട്ടങ്ങള്‍ ഇല്ലാതാവാൻ കാരണമായത്. ഒരു ടീമിലെ കളിക്കാര്‍ തമ്മിൽ പരസ്പരം സഹായിക്കുന്നില്ലെങ്കില്‍ പിന്നെ ആ ടീമിന് കിരീടങ്ങൾ നേടുക അസാധ്യമാണെന്നും നെയ്മര്‍ പറഞ്ഞു.

ബ്രസീലിയന്‍ ലിഗിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് നെയ്മര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. സൗദിയില്‍ ഇപ്പോള്‍ സന്തുഷ്ടനാണെന്നും അടുത്ത ആറ് മാസത്തിനുള്ളില്‍ കരിയറില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പരിക്കുമൂലം വിശ്രമിക്കുന്ന നെയ്മര്‍ പറ‍ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക