സജന ക്രീസിലെത്തുമ്പോള്‍ മുംബൈ ഇന്ത്യൻസിന്റെ സ്കോര്‍ 67-4 എന്ന നിലയിലായിരുന്നു. ശേഷം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് സജനയിലൂടെയുള്ള മുംബൈയുടെ തിരിച്ചുവരവിനായിരുന്നു

ഡി വൈ പാട്ടീലില്‍ ദൈവത്തിന്റെ പോരാളികള്‍ ഒരു രക്ഷകയെ തേടുകയാണ്. ക്യാപ്റ്റൻ ഹ‍ര്‍മൻപ്രീത് കൗര്‍ മടങ്ങി, താരങ്ങളെല്ലാം തിളക്കം നഷ്ടപ്പെട്ട് ഡഗൗട്ടിലണഞ്ഞിരിക്കുന്നു. പ്രതീക്ഷ നഷ്ടപ്പെട്ട് നിരാശയിലായിരുന്നു ചരിത്രം പേറുന്ന ആ മൈതാനത്തിന് ചുറ്റും കൂടിയ മുംബൈ ഇന്ത്യൻസ് ആരാധകര്‍. അവരുടെ മുഖത്തെല്ലാം ഒരു ചോദ്യമുണ്ടായിരുന്നു. ഇനിയാര്, ഈ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാൻ ഇനിയാര്. അതിനൊരു ഉത്തരമുണ്ടായിരുന്നു. ഹര്‍മന്റെ മടക്കത്തില്‍ ബൗണ്ടറി റോപ്പുകള്‍ താണ്ടിയെത്തിയ താരം. നാലാം നമ്പര്‍ ജഴ്സിയണിഞ്ഞ ഒരു വയനാടുകാരി, നവി മുംബൈയിലെ വലിയ സ്ക്രീനില്‍ ആ പേര് തെളിഞ്ഞു, സജന സജീവൻ.

11 ഓവര്‍ താണ്ടുമ്പോള്‍ മുംബൈ ഇന്ത്യൻസിന്റെ സ്കോര്‍ 67-4 എന്ന നിലയിലായിരുന്നു. റണ്‍റേറ്റ് ആറിന് തൊട്ടുമുകളില്‍ മാത്രം. നേരിട്ട ആദ്യ ആറ് പന്തിനിടയില്‍ രണ്ട് ജീവൻ ലഭിച്ചു. ഹേമലത കൈവിട്ട അവസരങ്ങള്‍ സ്മൃതി മന്ദാനയേയും കൂട്ടരേയും വേട്ടയാടുന്ന നിമിഷങ്ങള്‍ക്കായിരുന്നു പിന്നീട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 15-ാം ഓവറിലെ നാലാം പന്ത്. രാധാ യാദവിന്റെ ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ഡെലിവറി ക്രീസുവിട്ടിറങ്ങി ലോങ് ഓണിന് മുകളിലൂടെ നിക്ഷേപിച്ചത് 65 മീറ്റര്‍ അകലെ. അതായിരുന്നു സ‍ജനയുടേയും മുംബൈയുടേയും ഗിയര്‍ ഷിഫ്റ്റ് പോയിന്റ്.

രാധയുടെ ഓവറിലെ അവസാന പന്ത് സ്വീപ്പ് ചെയ്ത് മിഡ് വിക്കറ്റിലേക്ക് മറ്റൊരു ബൗണ്ടറികൂടി. അരുന്ധതി റെഡ്ഡിയായിരുന്നു ശേഷം സജനയ്ക്ക് മുന്നിലെത്തിയത്. സ്ലോ ബമ്പര്‍, സൂര്യകുമാര്‍ യാദവ് സ്റ്റൈലില്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ തലയ്ക്ക് മുകളിലൂടെ സ്കൂപ്പ്. തൊട്ടടുത്ത പന്തിലും ബൗണ്ടറി ആവ‍ര്‍ത്തിച്ചു. റിച്ച ഘോഷ് സ്റ്റമ്പിനരികില്‍ നില്‍ക്കെ സ്റ്റെപ്പ് ഡൗണ്‍ ചെയ്ത് മിഡ് ഓഫിലൂടെ ഒരു ലോഫ്റ്റഡ് ഡ്രൈവ്, ഫോര്‍. ഏഴ് പന്തില്‍ അഞ്ച് റണ്‍സില്‍ നിന്ന് 14 പന്തില്‍ 25ലേക്ക് സജന എത്തി. മറുവശത്ത് നിക്കോള കാരി സജനയ്ക്ക് കളമൊരുക്കുന്നത് തുടര്‍ന്നു.

റണ്ണൊഴുക്ക് തടയാൻ സ്മൃതി നാറ്റ് സീവര്‍ ബ്രന്റിനേയും ഹര്‍മൻപ്രീതിനേയും മടക്കിയ നദീൻ ഡി ക്ലെര്‍ക്കിന് പന്ത് കൈമാറി. ഹര്‍മനേയും നാറ്റ് സീവറിനേയും നിശബ്ദമാക്കി നിര്‍ത്തിയ നദീനെ സ‍ജന മൂന്ന് തവണ ബൗണ്ടറി കടത്തി. ബാക്ക് വേഡ് പോയിന്റ്, ലോങ് ഓണ്‍, ഡീപ് മിഡ് വിക്കറ്റ്. നദീൻ മത്സരത്തിലാകെ വഴങ്ങിയത് കേവലം 26 റണ്‍സായിരുന്നു. ഇതില്‍ 13 റണ്‍സും സ്കോര്‍ ചെയ്തത് സജനയായിരുന്നു. അതും നേരിട്ട അഞ്ച് പന്തുകളില്‍ നിന്ന് മാത്രം. ഫൈൻ ലെഗിലേക്ക് അരുന്ധതിയുടെ പന്തിനെ ഫ്ലിക്ക് ചെയ്തായിരുന്നു സ‍ജന 19-ാം ഓവര്‍ അവസാനിപ്പിച്ചത്.

അപ്പോഴേക്കും മുംബൈയുടെ സ്കോര്‍ 149ലെത്തിയിരുന്നു. സജന അര്‍ദ്ധ സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്നു. എന്നാല്‍, അവസാന ഓവറില്‍ നദീന്റെ ഓഫ് കട്ടര്‍ സജനയെ സ്മൃതിയുടെ കൈകളിലെത്തിക്കുകയായിരുന്നു. 25 പന്തില്‍ 45 റണ്‍സുമായി സജന മടങ്ങിയപ്പോള്‍ ഒരു നിമിഷം നിശബ്ദമായ ഗ്യാലറികളില്‍നിന്ന് വൈകാതെ കയ്യടികളെത്തി. ഏഴ് ഫോറും ഒരു സിക്സുമടങ്ങിയ ഇന്നിങ്സ്. സ്ട്രൈക്ക് റേറ്റ് 180 ആയിരുന്നു. ഹര്‍മനും നാറ്റ് സീവറും അമേലി കേറുമൊക്കെ അടങ്ങിയ നിരയില്‍ മറ്റാര്‍ക്കും 140ന് മുകളില്‍ പോലും സ്ട്രൈക്ക് റേറ്റുണ്ടായിരുന്നില്ല.

നിക്കോളയ്ക്കൊപ്പം അഞ്ചാം വിക്കറ്റില്‍ ചേര്‍ത്തത് 82 റണ്‍സ്. മുംബൈയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ച സജന തന്നെയായിരുന്നു ടോപ് സ്കോററും. ഏറ്റവും കുറഞ്ഞത് ടീമിനെ 150ലെത്തിക്കുക എന്നതായിരുന്നു സജനയുടെ ലക്ഷ്യം. മത്സരശേഷം പറഞ്ഞതും അത് തന്നെയായിരുന്നു. 2024ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന പന്തില്‍ സിക്സടിച്ച് മുംബൈയെ ജയിപ്പിച്ച സജന, അതേ രക്ഷകയുടെ കുപ്പായം വീണ്ടുമണിഞ്ഞു. തുടക്കം ഗംഭീരമായി, തുടരാൻ സാധിക്കട്ടെ.