വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും തോറ്റതോടെ ടീം ഇന്ത്യയില്‍ അഴിച്ചുപണി ചര്‍ച്ച മുറുകുകയാണ്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ ടീമില്‍ ഏറെക്കാലം ബാറ്റിംഗ് നെടുംതൂണായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ചേതേശ്വര്‍ പൂജാരയുടെ കസേരയ്‌ക്ക് പോലും ഉറപ്പില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓവലില്‍ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സമീപകാലത്തെ കൗണ്ടി പരിചയമുണ്ടായിട്ടും പൂജാരയ്‌ക്ക് തിളങ്ങാനായിരുന്നില്ല. ഇതോടെ രണ്ടാം വന്‍മതിലിന്‍റെ പകരക്കാരനായി ഒരു പേര് പറഞ്ഞുകേള്‍ക്കുകയാണ്. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്. ഡൊമിനിക്കയിലും ട്രിനിഡാഡിലുമായി നടക്കുന്ന മത്സരങ്ങളില്‍ ടോപ് ഫൈവ് ബാറ്റര്‍മാരായി രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും വിരാട് കോലിയും അജിങ്ക്യ രഹാനെയും തുടരാനാണ് സാധ്യത. ടീമിലേക്ക് 18 മാസത്തെ ഉടവേള കഴിഞ്ഞുള്ള മടങ്ങിവരവില്‍ ഓസീസിനെതിരെ രഹാനെ തിളങ്ങിയിരുന്നു. എന്നാല്‍ മൂന്നാം നമ്പറുകാരന്‍ ചേതേശ്വര്‍ പൂജാരയുടെ സ്ഥാനം സുരക്ഷിതമല്ല. 2020 മുതലുള്ള 28 ടെസ്റ്റിലെ 52 ഇന്നിംഗ്‌സുകളില്‍ ഒരു സെഞ്ചുറി മാത്രമേ പൂജാരയ്‌ക്കുള്ളൂ. മൂന്നാം നമ്പറില്‍ സ്ഥിരമായി ബാറ്റ് ചെയ്‌ത് 11 അര്‍ധസെഞ്ചുറികള്‍ നേടിയപ്പോള്‍ ബാറ്റിംഗ് ശരാശരി 26.31ലേക്ക് കൂപ്പുകുത്തി. ഇതോടെയാണ് ടീമില്‍ പൂജാരയുടെ സ്ഥാനം ചോദ്യചിഹ്നമായത്. 

ചേതേശ്വര്‍ പൂജാരയെ മാറ്റണം എന്ന് തീരുമാനിച്ചാല്‍ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ക്ക് മുന്നിലുള്ള ഓപ്‌ഷന്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങിയ യശസ്വി ജയ്‌സ്വാളാണ്. റോയല്‍സിനായി 48.08 ശരാശരിയില്‍ 625 റണ്‍സ് നേടിയ താരത്തെ പിന്നാലെ ഓവലിലെ ഫൈനലിലുള്ള സ്‌ക്വാഡ‍ില്‍ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇതിനകം ടീം സാഹചര്യങ്ങള്‍ മനസിലാക്കിയ താരത്തിന് വേഗം രോഹിത് ശര്‍മ്മയ്‌ക്കും കൂട്ടര്‍ക്കും ഒപ്പം ഇഴകിച്ചേരാനാകും. ഇരുപത്തിയൊന്ന് വയസുകാരനായ ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്ലിനെ പോലെ ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വന്‍ പേരുകാരില്‍ ഒരാളായി മാറുമെന്ന പ്രവചനങ്ങള്‍ ഐപിഎല്ലിനിടെ സജീവമായിരുന്നു. 

Read more: ഏഷ്യാ കപ്പ്: പാകിസ്ഥാന് കനത്ത ഭീഷണി, എറിഞ്ഞിടാന്‍ ബുമ്രയും അടിച്ചിടാന്‍ ശ്രേയസും വരുന്നു!