ഏഷ്യാ കപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യ - പാകിസ്ഥാന്‍ ഫൈനലിനാണ് ഇന്ന് ദുബായ് വേദിയാകുന്നത്. അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യക്ക് കിരീടം നേടാനായാല്‍ അത് ചരിത്രമാകും. 

ദുബായ്: ഏഷ്യാ കപ്പ് ചരിത്രത്തിലെ ആദ്യ ഇന്ത്യ - പാകിസ്ഥാന്‍ ഫൈനലിനാണ് ഇന്ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്നത്. ടൂര്‍ണമെന്റില്‍ ഇതിനോടകം രണ്ട് തവണ ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തി. പക്ഷേ കലാശപ്പോരിലെത്തുമ്പോള്‍ സാഹചര്യം മാറും. രണ്ട് ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ടാവും. അതിനെ അതിജീവിക്കുന്നവര്‍ കപ്പുയര്‍ത്തും. ഫൈനല്‍ മത്സരം നടക്കാനിരിക്കെ ടൂര്‍ണമെന്റിലെ ചില റെക്കോഡുകള്‍ പരിശോധിക്കാം.

അഭിഷേക് ശര്‍മ

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയിരിക്കുകയാണ് അഭിഷേക് ശര്‍മ. ഇന്നൊരിക്കല്‍ കൂടി നേടിയാല്‍, തുടര്‍ച്ചയായി നാല് ടി20 അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനാകും അദ്ദേഹം. അഭിഷേകിന് പുറമേ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് തുടര്‍ച്ചയായി മൂന്ന് ടി20യില്‍ 50+ സ്‌കോറുകള്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ടി20 ഏഷ്യാ കപ്പിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ അഭിഷേകിന് 126 റണ്‍സ് കൂടി മതിയെന്നത് ശ്രദ്ധേയമാണ്. നിലവില്‍ 434 റണ്‍സ് നേടിയ ശ്രീലങ്കയുടെ പതും നിസ്സങ്കയുടെ പേരിലാണ് റെക്കോര്‍ഡ്. 429 റണ്‍സുമായി വിരാട് കോലി രണ്ടാമതും.

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ടി20യില്‍ 100 വിക്കറ്റ് തികയ്ക്കാന്‍ ഇനി രണ്ട് വിക്കറ്റ് മാത്രം മതി. ഈ മത്സരത്തില്‍ അദ്ദേഹത്തിന് ഇത് ചെയ്യാന്‍ കഴിഞ്ഞാല്‍, അര്‍ഷ്ദീപ് സിംഗിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാകും അദ്ദേഹം.

ഹാരിസ് റൗഫ്

പുരുഷ ടി20 ഏഷ്യാ കപ്പില്‍ 17 വിക്കറ്റുകള്‍ വീഴ്ത്തിയ പാക് പേസര്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ്. ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു. ഇന്ന് രാത്രി ഒരു വിക്കറ്റ് നേടിയാല്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഹാരിസിന് സാധിക്കും.

അപരാജിത ചാമ്പ്യന്മാരാകാനുള്ള അവസരം

ആറ് മത്സരങ്ങളില്‍ ആറ് വിജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലേക്ക് കടക്കുന്നത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിന് ടൂര്‍ണമെന്റിലെ അപരാജിത ചാമ്പ്യന്മാരാകാനുള്ള അവസരമുണ്ട്.

YouTube video player