Asianet News MalayalamAsianet News Malayalam

സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയിട്ടും രക്ഷയില്ല; രാഹുലിനെ പൂർണമായും തഴഞ്ഞ് സെലക്ടർമാര്‍

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ടി20 ക്രിക്കറ്റ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരുപാട് മാറിയെന്നും ഇംപാക്ട് പ്ലേയറെ കളിപ്പിക്കാമെന്നതിനാല്‍ തുടക്കത്തിലെ ധൈര്യമായി അടിച്ചു കളിക്കാന്‍ കഴിയുമെന്നും ആയിരുന്നു രാഹുലിന്‍റെ മറുപടി

Why BCCI Snubs KL Rahul From T20 World Cup Squad, Sanju Samson, Rishabh Pant
Author
First Published Apr 30, 2024, 5:58 PM IST | Last Updated Apr 30, 2024, 5:58 PM IST

ലഖ്നൗ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായ കെ എല്‍ രാഹുലിന് ലോകകപ്പ് ടീമിലിടം കിട്ടാതിരുന്നത് അപ്രതീക്ഷിതമായിരുന്നില്ല. പരിക്കിന്‍റെ നീണ്ട ഇടവേളക്ക് ശേഷം ഐപിഎല്ലില്‍ കളിച്ച രാഹുല്‍ തുടക്കത്തില്‍ മെല്ലെപ്പോക്കിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ മത്സരങ്ങള്‍ക്കുശേഷം പവര്‍പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ശ്രമിക്കുന്ന രാഹുലിനെയാണ് ആരാധകര്‍ കണ്ടത്.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ടി20 ക്രിക്കറ്റ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരുപാട് മാറിയെന്നും ഇംപാക്ട് പ്ലേയറെ കളിപ്പിക്കാമെന്നതിനാല്‍ തുടക്കത്തിലെ ധൈര്യമായി അടിച്ചു കളിക്കാന്‍ കഴിയുമെന്നും ആയിരുന്നു രാഹുലിന്‍റെ മറുപടി. എന്നാല്‍ ലോകകപ്പ് ടീം സെലക്ഷനില്‍ കണ്ണുവെച്ചായിരുന്നു കഴിഞ്ഞ മത്സരങ്ങളില്‍ രാഹുല്‍ തകര്‍ത്തടിച്ചതെന്ന് വ്യക്തമായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ രാഹുല്‍ 48 പന്തില്‍ 76 റണ്‍സടിച്ച് ടീമിന്‍റെ ടോപ് സ്കോററായെങ്കിലും ലഖ്നൗ മത്സരത്തില്‍ തോറ്റിരുന്നു. ലഖ്നൗവിലെ വലിയ ബൗണ്ടറികളുള്ള ഗ്രൗണ്ടില്‍ രാഹുല്‍ രണ്ട് സിക്സ് മാത്രമാണ് രാജസ്ഥാനെതിരെ അടിച്ചത്. എട്ട് ബൗണ്ടറികള്‍ പറത്തി. ലഖ്നൗ ടീമിലെ മറ്റൊരു താരവും ഒറ്റ സിക്സ് പോലും അടിച്ചിരുന്നില്ല.

ജോഫ്ര ആര്‍ച്ചർ തിരിച്ചെത്തി, ഐപിഎല്ലിൽ മിന്നിയ സാള്‍ട്ടും ജാക്സും ടീമിൽ; ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമായി

മറുപടി ബാറ്റിംഗില്‍ രാജസ്ഥാനുവേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസണ്‍ മാത്രം നാലു സിക്സ് പറത്തിയപ്പോള്‍ ധ്രുവ് ജുറെല്‍ രണ്ടും പരാഗ്, ബട്‌ലര്‍, യശസ്വി എന്നിവര്‍ ഓരോ സിക്സ് വീതവും പറത്തി. രാജസ്ഥാന്‍ ആകെ ഒമ്പത് സിക്സ് പറത്തിയപ്പോള്‍ ലഖ്നൗ അടിച്ചത് രണ്ടേ രണ്ട് സിക്സ് മാത്രം. ഇതും രാജസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. 48 പന്തില്‍ 76 റണ്‍സടിച്ച രാഹുല്‍ 158.33 സ്ട്രൈക്ക് റേറ്റില്‍ റണ്ണടിച്ചെങ്കിലും സീസണിലെ റണ്‍വേട്ട നോക്കുമ്പോള്‍ 9 കളികളില്‍ 378 റണ്‍സടിച്ച രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് 144.27 മാത്രമാണ്.  

ഇന്ത്യൻ ടീമിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജു ഒടുവില്‍ ലോകകപ്പിന്, ആവേശത്തില്‍ ആരാധകര്‍

അതേസമയം, രാഹുലിന് പകരം രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലേക്ക് പരിഗണിച്ച സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് 161.09 ഉം പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന് കരുതുന്ന റിഷഭ് പന്തിന് 158.57 ഉം സട്രൈക്ക് റേറ്റുണ്ട്. ഇത് രണ്ടും രാഹുലിനെ ഒഴിവാക്കുന്നത് സെലക്ടര്‍മാരുടെ ജോലി എളുപ്പമാക്കി. സഞ്ജുവിന്‍റെയും റിഷഭ് പന്തിന്‍റെയും മിന്നും പ്രകടനങ്ങള്‍ക്കൊപ്പം ഇടക്കിടെ പരിക്കേല്‍ക്കുന്നതും 2022നുശേഷം ഇന്ത്യക്കായി ടി20 ക്രിക്കറ്റിൽ കളിച്ചിട്ടില്ലെന്നതും രാഹുലിന്‍റെ ലോകകപ്പ് ടീമിലെത്തുന്നതിന് തടസമായി. എന്നാല്‍ രാഹുലിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെ എക്കാലവും ഞങ്ങളുടെ നമ്പര്‍ വണ്‍ എന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ എക്സ് പോസ്റ്റും ശ്രദ്ധേയമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios