ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നില്ലെന്ന് രോഹിത് ശർമ്മ വ്യക്തമാക്കി. 2027-ലെ ഏകദിന ലോകകപ്പിൽ കളിക്കുമെന്നും കിരീടം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കഠിനമായ പരിശീലനത്തിലൂടെ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഹിറ്റ്മാൻ.

മുംബൈ: ഏകദിന ക്രിക്കറ്റിലെ ഭാവി സംബന്ധിച്ച് മാസങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുൻ ഇന്ത്യൻ പുരുഷ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയ്ക്ക് ശേഷം താൻ വിരമിക്കുന്നില്ലെന്ന് വ്യക്തമാക്കിയ രോഹിത്, 2027 ഐസിസി ഏകദിന ലോകകപ്പിൽ കളിക്കുമെന്ന് ഉറപ്പ് നൽകി. ഇതുവരെ നേടാൻ കഴിയാത്ത ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ താൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു കുട്ടിയുമായുള്ള രോഹിത്തിന്‍റെ വീഡിയോ ഇപ്പോൾ വൈറലാണ്. അടുത്ത ലോകകപ്പ് വരുമ്പോൾ കളിക്കുമോ എന്നാണ് കുട്ടി ആരാധകൻ രോഹിതിനോട് ചോദിക്കുന്നത്. പുഞ്ചിരിയോടെ രോഹിത് ഉറച്ച മറുപടി നൽകുകയായിരുന്നു, 'അതെ, ഞാൻ കളിക്കാൻ ആഗ്രഹിക്കുന്നു'.

ഹിറ്റ്മാന്‍റെ സ്വപ്നം

38-കാരനായ രോഹിത്തിന്‍റെ ഈ പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ഏകദിന കരിയറിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടയിലാണ് വരുന്നത്. 2024ൽ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ശേഷം അദ്ദേഹം ടി20-യിൽ നിന്നും ഈ വർഷം ആദ്യം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. നിലവിൽ ഏകദിനം മാത്രമാണ് രോഹിത്തിന്‍റെയും സഹതാരം വിരാട് കോഹ്ലിയുടെയും സജീവമായ അന്താരാഷ്ട്ര ഫോർമാറ്റ്. 2023ലെ ഏകദിന ലോകകപ്പ് കിരീടത്തിന് തൊട്ടടുത്തെത്തിയെങ്കിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടത് രോഹിത്തിന് കരിയറിലെ ഏറ്റവും വലിയ നിരാശയായിരുന്നു. ആ തോൽവിക്ക് ശേഷം അദ്ദേഹത്തിന്‍റെ ഫിറ്റ്‌നസ്, ഫോം, ഭാവി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമായിരുന്നു.

ഭാരം കുറച്ച് പുതിയ ഊർജവുമായി

എങ്കിലും, ഓസ്‌ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി ഹിറ്റ്മാൻ ശ്രദ്ധയോടെ തയ്യാറെടുപ്പുകൾ നടത്തുകയാണ്. മുൻ ഇന്ത്യൻ അസിസ്റ്റന്‍റ് കോച്ച് അഭിഷേക് നായരുടെ കീഴിലുള്ള തീവ്ര പരിശീലനത്തിലൂടെ രോഹിത് ഏകദേശം 10 കിലോഗ്രാം ഭാരം കുറച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ പ്രതിബദ്ധത, ഒരു കാലത്ത് ക്യാപ്റ്റനെന്ന നിലയിൽ ആധിപത്യം പുലർത്തിയിരുന്ന ഫോർമാറ്റിൽ ഒരു ശക്തിയായി തുടരാനുള്ള അദ്ദേഹത്തിന്‍റെ അഭിലാഷമാണ് പ്രതിഫലിപ്പിക്കുന്നത്.