ഉറപ്പിക്കാം, രോഹിത് ഇത്തവണ ലോകകപ്പുയർത്തും, കാരണം സഞ്ജു സാംസൺ; ഇന്ത്യ കിരീടം നേടിയപ്പോഴൊക്കെ ടീമിലൊരു മലയാളി
പിന്നീട് 1987, 1992, 1996, 1999, 2003, 2007 ഏകദിന ലോകകപ്പുകളില്‍ ഇന്ത്യ കളിച്ചെങ്കിലും ടീമില്‍ മലയാളിയെന്ന് പറയാവുന്ന ആരുമുണ്ടായില്ല. പാതി മലയാളിയെന്ന് പറയാവുന്ന അജയ് ജഡേജ മാത്രമായിരുന്നു ലോകകപ്പിലെ ഇന്ത്യൻ സാന്നിധ്യമെന്ന് പറയാവുന്ന താരം.
തിരുവവന്തപുരം: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ സഞ്ജു സാംസണ്‍ ഇടം നേടിയതിന്‍റെ സന്തോഷത്തിലാണ് മലയാളികള്‍. ഇന്ത്യക്കായി അരങ്ങേറി ഒമ്പതാം വര്‍ഷമാണ് സഞ്ജുവിന് ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. ലോകകപ്പില്‍ കളിക്കുന്ന മൂന്നാമത്തെ മാത്രം മലയാളി താരമാകും സഞ്ജു സാംസണ്‍.
1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് കപിലിന്‍റെ ചെകുത്താന്‍മാര്‍ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ചപ്പോള്‍സുനില്‍ വത്സന്‍ ആയിരുന്നു ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം. ലോകകപ്പില്‍ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും സുനില്‍ ഇന്ത്യയുടെ ഭാഗ്യതാരമായി. പിന്നീട് 1987, 1992, 1996, 1999, 2003, 2007 ഏകദിന ലോകകപ്പുകളില്‍ ഇന്ത്യ കളിച്ചെങ്കിലും ടീമില്‍ മലയാളിയെന്ന് പറയാവുന്ന ആരുമുണ്ടായില്ല. പാതി മലയാളിയെന്ന് പറയാവുന്ന അജയ് ജഡേജ മാത്രമായിരുന്നു ലോകകപ്പിലെ ഇന്ത്യൻ സാന്നിധ്യമെന്ന് പറയാവുന്ന താരം. മലയാളികളായ അബി കുരുവിളയും ടിനു യോഹന്നനാനുമെല്ലാം ഇതിനിട ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ലോകകപ്പില്‍ കളിക്കാന്‍ ഇവര്‍ക്കൊന്നും ഭാഗ്യമുണ്ടായില്ല.
സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയിട്ടും രക്ഷയില്ല; രാഹുലിനെ പൂർണമായും തഴഞ്ഞ് സെലക്ടർമാര്‍
2007ലെ ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ഇന്ത്യ ആ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 ലോകകപ്പിന് ധോണിയുടെ നേതൃത്വത്തില്‍ യുവനിരയെ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ മലയാളി പേസറായ ശ്രീശാന്തും ടീമിൽ ഇടം നേടി. യുവനിരയുമായി പോയ ധോണി എല്ലാവരെയും ഞെട്ടിച്ച് കിരീടവുമായാണ് മടങ്ങിയെത്തിയത്. സെമിയില്‍ ഓസ്ട്രേലിയക്കെതിരെ നിര്‍ണായക പ്രകടനം പുറത്തെടുത്ത ശ്രീശാന്ത് ഫൈനലില്‍ മിസ്ബാ ഉള്‍ ഹഖിന്‍റെ നിര്‍ണായക ക്യാച്ചുമെടുത്ത് ഇന്ത്യയുടെ ഭാഗ്യതാരമായി. എന്നാല്‍ 2009ലെ ടി20 ലോകകപ്പില്‍ ശ്രീശാന്ത് ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായി. ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് ലോകകപ്പ് നിലനിര്‍ത്താന്‍ കഴിഞ്ഞതുമില്ല.
2011ലെ ഏകദിന ലോകകപ്പിലായിരുന്നു പിന്നീട് ഇന്ത്യക്കായി വീണ്ടും ശ്രീശാന്ത് കളിക്കാനിറങ്ങിയത്. ശ്രീലങ്കക്കെതിരെ ഫൈനലില്‍ അടക്കം ശ്രീശാന്ത് കളിച്ചു. 28 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ വീണ്ടുമൊരുഏകദിന ലോകകപ്പ് കീരിടം സ്വന്തമാക്കിയപ്പോഴും അങ്ങനെ മലയാളി ഇന്ത്യയുടെ ഭാഗ്യമായി. പിന്നീട് 2014, 2016 ടി20 ലോകകപ്പിലോ 2019ലെ ഏകദിന ലോകകപ്പിലോ 2021, 2022 ടി20 ലോകകപ്പിലോ ഒന്നും ഇന്ത്യക്ക് കിരീടം നേടാനായില്ല. ഈ ലോകകപ്പുകളിലൊന്നും ഇന്ത്യൻ ടീമില്‍ മലയാളി സാന്നിധ്യവുമുണ്ടായിരുന്നില്ല.
ഇപ്പോഴിതാ മലയാളി താരവുമായി ഇന്ത്യ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു ലോകകപ്പിന് ഇറങ്ങുകയാണ്. സഞ്ജു സാംസണ്‍ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടിയതോടെ രോഹിത്തിന്‍റെ ഭാഗ്യതാരമാകുമോ സഞ്ജു എന്ന ചര്‍ച്ചകളും സജീവമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയാല്‍ മലയാളി ഫോര്‍ ഇന്ത്യ എന്നത് അന്വര്‍ത്ഥമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക