കിംഗ്സ്റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 120 പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ വിജയമാണ് ഇന്ത്യക്ക് 120 പോയന്റ് സമ്മാനിച്ചത്. ശ്രീലങ്കക്കെതിരായ പരമ്പര സമനിലയാക്കിയ ന്യൂസിലന്‍ഡ് 60 പോയന്റുമായി രണ്ടാമതും 60 പോയന്റുള്ള ശ്രീലങ്ക മൂന്നാമതുമാണ്. ആഷസ് പരമ്പരയില്‍ ഓരോ ജയങ്ങളും ഒരു സമനിലയും നേടിയ ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റ് ക്രമം അനുസരിച്ച് 120 പോയന്റാണ് ഒരു പരമ്പരയില്‍ പരമാവധി നേടാനാവുക. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയാണെങ്കില്‍ ഇത് ഓരോ ടെസ്റ്റിനും 60 പോയന്റ് വീതമായി തുല്യമായി വിഭജിക്കും. അഞ്ച് മത്സര പരമ്പര ആണെങ്കില്‍ ഇത് ഓരോ ടെസ്റ്റിനും 24 പോയന്റ് വീതമാകും.

ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയില്‍ അഞ്ച് മത്സരങ്ങളുണ്ടെന്നതിനാല്‍ ഓരോ ജയത്തിനും 24 പോയന്റാണ് ലഭിക്കുക. ഇനിയുള്ള രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ ജയിച്ചാലും ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയില്ല.