ജൊഹാനസ്ബര്‍ഗ്: കൊവിഡ് 19 വൈറസ് പടരുമ്പോള്‍ ആളുകള്‍ക്ക് ഏറെ പരിചിതമായ വാക്കാണ് ക്വാറന്റൈന്‍. രോഗം പടര്‍ന്നു പിടിക്കാതിരിക്കാനായി മറ്റുള്ളവരുമായി സമ്പര്‍ക്ക വിലക്കിലേര്‍പ്പെടുന്നതിനെയാണ് ക്വാറന്റൈന്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ കൊറോണ പടരുമ്പോള്‍ തന്നോട് ക്വാറന്റൈനില്‍ പോവാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് ഒരു താരത്തോടൊപ്പമായിരിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍.  മറ്റാരുമല്ല, ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡീ കോക്കിനൊപ്പം.

ക്വാറന്റൈനില്‍ പോവുകയാണെങ്കില്‍ അത് ഡീ കോക്കിനോടൊപ്പമാവണമെന്നാണ് എന്റെ ആഗ്രഹം. ഈ ലോകത്ത് എനിക്കേറ്റവും ഇഷ്ടമുളള വ്യക്തികളിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയില്‍ പോയാല്‍ എപ്പോഴും നമുക്ക് കാണാനാകുക, ഒന്നുകില്‍ മീന്‍ പിടിക്കാനുള്ള ഇര തയാറാക്കുകയാവും അദ്ദേഹം, അല്ലെങ്കില്‍ മീന്‍പിടിക്കുന്നതിന്റെ വീഡിയോ കാണുകയാവും.

ഇനി ഇതൊന്നുമല്ലെങ്കില്‍ പാചകം ചെയ്യുകയാവും. വീട്ടിലാണെങ്കിലും ഇതൊക്കെതന്നെയാവും അദ്ദേഹം ചെയ്യുക. എനിക്കാണെങ്കില്‍ പാചകം ചെയ്യല്‍ ഒട്ടും ഇഷ്ടമല്ലാത്ത പണിയാണ്. അപ്പോ ക്വാറന്റൈനില്‍ അദ്ദേഹം കൂടെയുണ്ടെങ്കില്‍ എനിക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. മാത്രമല്ല, മീന്‍ പിടിക്കാനുള്ള കാര്യങ്ങള്‍ക്ക് എനിക്ക് അദ്ദേഹത്തെ സഹായിക്കാനുമാവും. നല്ല പചാകക്കാരനാണ് ഡീ കോക്കെന്നും സ്റ്റെയ്ന്‍ പറഞ്ഞു.