വനിതാ ഐപിഎല്‍ വിപ്ലവമാകും; രജിസ്ട്രേഷനായി താരങ്ങളുടെ ഒഴുക്ക്, ആയിരത്തോളം പേർ
താരലേലത്തില്‍ ആകെ 90 കളിക്കാരെയാണ് എല്ലാ ടീമുകള്‍ക്കുമായി സ്വന്തമാക്കാന്‍ കഴിയുക എന്നിരിക്കേയാണ് ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍(വനിതാ പ്രീമിയര്‍ ലീഗ്) ലോക ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പായി. താരലേലത്തിനായി ഇതിനകം ആയിരത്തോളം വനിതാ ക്രിക്കറ്റർമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും വനിതാ താരങ്ങളുടെ ഒഴുക്കാണ് വുമണ്‍ പ്രീമിയർ ലീഗിലേക്ക് എന്ന് റിപ്പോർട്ടില്‍ പറയുന്നു. മുംബൈയില്‍ ഫെബ്രുവരി 13നാണ് വനിതാ ഐപിഎല്ലിന്‍റെ താരലേലം നടക്കുന്നത്.
താരലേലത്തില്‍ ആകെ 90 കളിക്കാരെയാണ് എല്ലാ ടീമുകള്‍ക്കുമായി സ്വന്തമാക്കാന്‍ കഴിയുക എന്നിരിക്കേയാണ് ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 18 താരങ്ങളെയാണ് പരമാവധി ഒരു ടീമിന് സ്ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക. ഫ്രാഞ്ചൈസി ലേലം നേരത്തെ നടന്നിരുന്നു. ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റുപോയത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്.
ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 1289 കോടി രൂപയ്ക്ക് അഹമ്മദാബാദ് ടീമിനെ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് റാഞ്ചി. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിന്‍ സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി. ബെംഗളൂരു ടീമിനെ റോയല്‍ ചലഞ്ചേഴ്‌സ് സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടിക്കും ദില്ലി ടീമിനെ ജെഎസ്‌ഡബ്ലൂ ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും ലഖ്‌നൗ ടീമിനെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും കൈക്കലാക്കി.
മുംബൈയില്‍ ഫെബ്രുവരി 13ന് പ്രഥമ വനിതാ ഐപിഎല്ലിന്‍റെ താരലേലം നടക്കും. ക്യാപ്‌ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. എല്ലാ ഫ്രാഞ്ചൈസികള്‍ക്കും സൗകര്യപ്രദമായ ഇടം എന്ന നിലയ്ക്കാണ് മുംബൈയെ ലേലവേദിയായി തെരഞ്ഞെടുത്തത്. ബിസിസിഐക്കും മുംബൈയാണ് സൗകര്യം. മാർച്ച് നാലിനാണ് ടൂർണമെന്‍റിന് തുടക്കമാവുക. 26ന് അവസാനിക്കും.