സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ എത്ര പേസര്‍മാരെ കളിപ്പിക്കും എന്ന ചര്‍ച്ച മുറുകുകയാണ്. ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും ജസ്‌പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നാലാം പേസറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ആര്‍ക്കാവും നറുക്ക് വീഴുക?

ഇന്ത്യന്‍ മുന്‍ സെലക്‌ടര്‍ സരന്ദീപ് സിംഗ് പറയുന്നത് നാലാം പേസറായി ഷാര്‍ദുല്‍ താക്കൂറിനെ കളിപ്പിക്കണം എന്നാണ്. ഓസ്‌ട്രേലിയയിലടക്കം അടുത്തിടെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള മുഹമ്മദ് സിറാജിനെ മറികടന്നാണ് താക്കൂറിന്‍റെ പേര് സരന്ദീപ് നിര്‍ദേശിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സരന്ദീപ് സിംഗിന്‍റെ പ്രതികരണം. 

'സതാംപ്‌ടണില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ഇഷാന്ത് ശര്‍മ്മ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് പുറമെ ഒരു പേസറെ അധികമായി കളിപ്പിക്കാം. സിറാജ് മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും ഞാന്‍ ഷാര്‍ദുലിനെയാണ് തെരഞ്ഞെടുക്കുന്നത്. ലോവര്‍ ഓര്‍ഡറില്‍ ബാറ്റിംഗ് കൂടി പരിഗണിച്ചാണിത്. ഷാര്‍ദുല്‍ ബാറ്റ് കൊണ്ടും ടീമിന് സംഭാവന ചെയ്യും. പന്തിനെ സ്വിങ് ചെയ്യിക്കാന്‍ കഴിയുന്ന താരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ദീര്‍ഘപരിചയമുള്ള താരവും കിറുകൃത്യമായ ക്രിക്കറ്റ് മനസുള്ള താരവുമാണ് ഷാര്‍ദുല്‍'.  

സ്‌പിന്നറായി ആര് വരണം? 

'നാലാം പേസറെ കളിപ്പിച്ചാല്‍ നിര്‍ഭാഗ്യം കൊണ്ട് സ്‌പിന്നര്‍ രവീന്ദ്ര ജഡേജ പുറത്തിരിക്കേണ്ടിവരും. സ്‌പിന്നറായി അശ്വിനാണ് കളിക്കേണ്ടത്. ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ ക്ലാസ് താരമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുമെന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നുമാണ് പ്രതീക്ഷ. ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ഫോമിലായിരുന്നില്ല. എന്നാല്‍ ഗില്‍ ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ' എന്നും സരന്ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ബാറ്റിംഗ് ഷാര്‍ദുലിന് മുന്‍തൂക്കം 

ഓസ്‌ട്രേലിയക്കെതിരെ ഗാബ ടെസ്റ്റില്‍ ഇന്ത്യയുടെ പരമ്പര ജയത്തില്‍ നിര്‍ണായകമായ താരങ്ങളില്‍ ഒരാളാണ് ഷാര്‍ദുല്‍ താക്കൂര്‍. തന്‍റെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന 29കാരനായ താരം ഓള്‍റൗണ്ട് മികവ് പുറത്തെടുത്തു. രണ്ട് ഇന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍(3-94 & 4-61) ആദ്യ ഇന്നിംഗ്‌സില്‍ നിര്‍ണായകമായ 67 റണ്‍സ് അടിച്ചെടുക്കുകയും ചെയ്‌തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2018 ഒക്‌ടോബറില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും 10 പന്തുകള്‍ മാത്രം എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയിരുന്നു. 

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ പതിനെട്ടാം തിയതി മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണും നയിക്കും. അതിശക്തമായ സ്‌ക്വാഡുമായാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ എത്തിയിരിക്കുന്നത്. ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാണ് കിവികള്‍ കലാശപ്പോരിനിറങ്ങുക.  

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

Read More...

ഇന്ത്യ-കിവീസ് ഫൈനല്‍: സീനിയര്‍ പേസര്‍ ഹര്‍ഭജന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇല്ല! പകരം യുവതാരം

'കിവികള്‍ ചില്ലറക്കാരല്ല, ചെറുതായി കാണരുത്'; ഇന്ത്യക്ക് ഗുണ്ടപ്പ വിശ്വനാഥിന്‍റെ മുന്നറിയിപ്പ്

അയാളുടെ കയ്യിലാണ് എല്ലാം; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സാധ്യതകള്‍ വിലയിരുത്തി പനേസര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona