പുറംവേദന കാരണം ഐപിഎല്‍ 2023 സീസണും ഓസ്ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ജസ്‌പ്രീത് ബുമ്രക്ക് നഷ്‌ടമായി

ലണ്ടന്‍: ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കമന്‍റേറ്റര്‍ ദിനേശ് കാര്‍ത്തിക്. ടീം ഇന്ത്യയുടെ അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര ടീമിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുന്നതായാണ് കമന്‍ററിക്കിടെ ഡികെ നല്‍കിയ സൂചന. ഈ വര്‍ഷം ഒക്‌ടോബറില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി ഒരുങ്ങുന്ന ടീം ഇന്ത്യക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. പരിക്ക് കാരണം മാസങ്ങളായി സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ജസ്‌പ്രീത് ബുമ്ര. 

പുറംവേദന കാരണം ഐപിഎല്‍ 2023 സീസണും അതിന് ശേഷം ഓസ്ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ജസ്‌പ്രീത് ബുമ്രക്ക് നഷ്‌ടമായി. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും ബുമ്ര കളിക്കില്ല. ഏഷ്യാ കപ്പ് 2023ലെ ബുമ്രയുടെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് ഓഗസ്റ്റില്‍ ഡബ്ലിനില്‍ നടക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ മടങ്ങിവരവിനായി ബുമ്ര ശ്രമിക്കുന്നതായി ദിനേശ് കാര്‍ത്തിക് വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് ട്വന്‍റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇതില്‍ കളിക്കാനായാല്‍ ബുമ്രക്ക് തുടര്‍ന്ന് വരുന്ന ഏഷ്യാ കപ്പില്‍ കളിക്കാനാകും എന്നുറപ്പാണ്. സെപ്റ്റം‌ബര്‍ മാസത്തിലാണ് ഏഷ്യാ കപ്പ് നടക്കാന്‍ സാധ്യത. 

2022 സെപ്റ്റംബര്‍ മുതല്‍ മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന ജസ്‌പ്രീത് ബുമ്ര ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ ഏകദിന ലോകകപ്പിന് മുമ്പ് പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കും എന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിന്‍റെ പ്രതീക്ഷ. ഏറെനാളായി അലട്ടുന്ന പരിക്കിന് പരിഹാരം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ കണ്ടെത്താനാവാതെ വന്നതോടെ ന്യൂസിലന്‍ഡില്‍ വച്ച് ബുമ്ര ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിലാണ് താരം. അടുത്തിടെ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയുടെ വിവാഹത്തില്‍ ബുമ്ര പങ്കെടുത്തിരുന്നു. 

Read more: ഹമ്മോ... ഉയരക്കാരന്‍ കാമറൂണ്‍ ഗ്രീനിനെ നിര്‍ത്തി വിറപ്പിച്ച് സിറാജിന്‍റെ മരണ ബൗണ്‍സര്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News