അഭിഷേക് ശർമ്മയ്ക്കൊപ്പം ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിച്ചാൽ സഞ്ജുവിന്റെ സാധ്യതകളെയും ബാധിക്കും.

മുംബൈ: അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മുംബൈയിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. ശേഷം വാർത്താ സമ്മേളനം നടത്തി ടീമിനെ പ്രഖ്യാപിക്കും. ടെസ്റ്റ് ടീം നായകന്‍ ശുഭ്മൻ ഗിൽ ടി 20 ടീമിൽ തിരിച്ചെത്തുമോയെന്നാണ് ആകാംക്ഷ. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ഗിൽ വൈസ് ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ടുകൾ. ഗിൽ വൈസ് ക്യാപ്റ്റനായാൽ അക്സർ പട്ടേലിന് സ്ഥാനം നഷ്ടമാകും.

അഭിഷേക് ശർമ്മയ്ക്കൊപ്പം ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിച്ചാൽ സഞ്ജുവിന്റെ സാധ്യതകളെയും ബാധിക്കും. ഇംഗ്ലണ്ടിൽ ടെസ്റ്റ് ക്യാപ്റ്റനായി കഴിവു തെളിയിച്ച ഗില്ലിന് വിശ്രമം അനുവദിക്കുന്നതാണ് നല്ലതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ജസ്പ്രിത് ബുമ്ര ഏഷ്യാ കപ്പിൽ കളിക്കുമെന്നാണ് സൂചന. തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ടാകും. സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറായാൽ ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ എന്നിവരിൽ ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും.

അതേസമയം, ഏഷ്യാ കപ്പ് ടീമിലേക്ക് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയും മധ്യനിര ബാറ്ററ്‍ ശ്രേയസ് അയ്യരെയും പരിഗണിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. യശസ്വിയോട് റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇന്ത്യക്കായി 23 ടി20 മത്സരങ്ങളില്‍ കളിച്ച ജയ്സ്വാള്‍ ഇതുവരെ 723 റണ്‍സടിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 14 കളികളില്‍ നിന്ന് 559 റണ്‍സടിച്ചും ജയ്സ്വാള്‍ തിളങ്ങിയിരുന്നു. ഇതോടെ ഏഷ്യാ കപ്പിലും ഇന്ത്യ സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ സഖ്യത്തില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്. ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുത്താല്‍ മൂന്നാം നമ്പറിലോ ഓപ്പണിംഗിലോ പരീക്ഷിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്.

ഐപിഎല്ലില്‍ ക്യാപ്റ്റനായും ബാറ്ററായും തിളങ്ങിയ ശ്രേയസ് അയ്യര്‍ക്കും ടി20 ടീമില്‍ തിരിച്ചെത്താന്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ സൂപ്പർ പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക