ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് പൂജാര പുറത്തായിരുന്നു. രഹാനെയാകട്ടെ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളെ തുടര്‍ന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ഫൈനലില്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങുകയും ചെയ്തു.
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യാ രഹാനെയെയും ചേതേശ്വര്‍ പൂജാരയെയും സെലക്ടര്‍മാര്‍ തഴഞ്ഞതിതിനെ ന്യായീകരിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 2006ല്‍ അരങ്ങേറ്റം കുറിച്ച പൂജാരയും 2010ല്‍ അരങ്ങേറിയ രഹാനെയും അരങ്ങേറ്റശേഷൺ കരിയറില്‍ ഇതുവരെ ഒരു ദക്ഷിണഫ്രിക്കന്‍ പരമ്പരയില്‍ പോലും കളിക്കാതിരുന്നിട്ടില്ല. എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് ഇരുവരെയും സെലക്ടര്‍മാര്‍ ഒഴിവാക്കി പകരം കെ എല്‍ രാഹുലിനും ശ്രേയസ് അയ്യര്‍ക്കും റുതുരാജ് ഗെയക്‌വാദിനുമാണ് ഇന്ത്യൻ മധ്യനിരയില്‍ ഇത്തവണ അവസരം നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് പൂജാര പുറത്തായിരുന്നു. രഹാനെയാകട്ടെ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളെ തുടര്‍ന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ഫൈനലില്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങുകയും ചെയ്തു. പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വൈസ് ക്യാപ്റ്റനായിരുന്ന രഹാനെക്ക് പക്ഷെ വിന്‍ഡീസിനെതിരെ തിളങ്ങാനാവാഞ്ഞതോടെ വീണ്ടും ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.
ഇരുവരെയും പുറത്താക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തെ ന്യായീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി.ആര്‍ക്കും എക്കാലവും ടീമില്‍ നില്‍ക്കാനാവില്ലെന്നും രഹാനെയും പൂജാരയും ഇന്ത്യന്‍ ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയവരാണെങ്കിലും ഇപ്പോള്‍ അവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ട സമയമാണെന്നും ഗാംഗുലി പറഞ്ഞു.
സെലക്ടര്‍മാര്‍ക്ക് ചില ഘട്ടങ്ങളില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ടിവരും. അത് സ്വാഭാവികമാണ്. രാജ്യത്ത് പ്രതിഭകളായ നിരവധി കളിക്കാരുണ്ട്. പൂജാരയും രഹാനെയും ഇന്ത്യക്ക് വലിയ വിജയങ്ങള്‍ നല്‍കിയ താരങ്ങളാണ്. പക്ഷെ സ്പോര്‍ട്സില്‍ ശാശ്വതമായി ഒന്നും ഇല്ലെന്നും ഗാംഗുലി പറഞ്ഞു.
നിങ്ങള്‍ക്ക് എക്കാലത്തും ടീമില്‍ തുടരാനാവില്ല. ഇത് എല്ലാവരുടെ കരിയറിലും സംഭവിക്കുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് പൂജാരയും രഹാനെയും നല്‍കിയ സംഭാവനകള്‍ക്ക് അവരോട് നന്ദി പറയേണ്ട സമയമാണിത്. സെലക്ടര്‍മാര്‍ക്ക് ഇപ്പോള്‍ അന്വേഷിക്കുന്നത് പ്രതിഭകളായ പുതുമുഖങ്ങളെയാണെന്നും ഗാംഗുലി പറഞ്ഞു.
